ഇന്നും അവരുടെ സിനിമകളില്‍ അഭിനയിക്കാനായില്ലല്ലോ എന്ന വിഷമം എനിക്കുണ്ട്: മീന
Entertainment
ഇന്നും അവരുടെ സിനിമകളില്‍ അഭിനയിക്കാനായില്ലല്ലോ എന്ന വിഷമം എനിക്കുണ്ട്: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th February 2025, 2:51 pm

നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് മീന. 1982ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ശിവാജി ഗണേശനായിരുന്നു നായകന്‍. പിന്നീട് 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് മീന ബാലതാരമായി മലയാളത്തില്‍ എത്തുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളിലാണ് മീന ഇതുവരെ അഭിനയിച്ചിട്ടുള്ളത്. താന്‍ മിസ് ചെയ്ത സംവിധായകര്‍ ആരൊക്കെയാണെന്ന് പറയുകയാണ് നടി. ഭാരതിരാജ, ബാലചന്ദര്‍, ഷങ്കര്‍ എന്നീ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാനായില്ലല്ലോ എന്ന വിഷമം തനിക്കുണ്ടെന്നാണ് മീന പറയുന്നത്.

ഷങ്കറിന്റെ മുതല്‍വന്‍ എന്ന സിനിമയില്‍ തനിക്ക് അവസരം കിട്ടിയിരുന്നെന്നും എന്നാല്‍ അതേസമയത്ത് നടന്‍ അര്‍ജുനൊപ്പം മറ്റൊരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്നതിനാല്‍ ആ അവസരം നഷ്ടമായെന്നും മീന പറഞ്ഞു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഭാരതിരാജ, ബാലചന്ദര്‍, ഷങ്കര്‍ എന്നീ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാനായില്ലല്ലോ എന്ന വിഷമം എനിക്ക് ഉണ്ട്. മുതല്‍വന്‍ സിനിമയില്‍ അവസരം കിട്ടിയതാണ്. അപ്പോള്‍ മറ്റൊരു സിനിമയില്‍ അര്‍ജുന്‍ സാറിനൊപ്പം അഭിനയിച്ചു കൊണ്ടിരുന്നതിനാല്‍ ആ അവസരം എനിക്ക് നഷ്ടമായി.

മണിരത്‌നം സാറിന്റെ തിരുടാ തിരുടിയില്‍ അവസരം കിട്ടിയപ്പോള്‍ ഡേറ്റ് ഇല്ലാതിരുന്നതിനാല്‍ അതും ചെയ്യാനായില്ല. എന്നാല്‍ ഇവരുടെയൊക്കെ ശിഷ്യന്മാരുടെ സിനിമകളില്‍ ഞാന്‍ അഭിനയിച്ചു കഴിഞ്ഞു എന്നതാണ് സത്യം,’ മീന പറഞ്ഞു.

രജിനികാന്തിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും നടി അഭിമുഖത്തില്‍ പറയുന്നു. എങ്കേയോ കേട്ട കുറല്‍, അന്‍പുള്ള രജനീകാന്ത് എന്നീ സിനിമകളിലാണ് താന്‍ ബാലതാരമായി രജിനികാന്തിനൊപ്പം അഭിനയിച്ചതെന്നാണ് മീന പറയുന്നത്.

അതിന് ശേഷം യജമാനന്‍ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ജോഡിയായെന്നും ആ സിനിമയില്‍ അഭിനയിച്ചത് തന്റെ അഭിനയജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി മാറിയെന്നും നടി കൂട്ടിച്ചേര്‍ത്തു.

Content Highlight: Meena Talks About Director Shankar