'കുട്ടൂസനായി മാമുക്കോയ, ഡാകിനിയാകുന്നത് ഫിലോമിന'; മായാവിയിലെ കഥാപാത്രങ്ങളുടെ മേക്ക് ഓവര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
D Movies
'കുട്ടൂസനായി മാമുക്കോയ, ഡാകിനിയാകുന്നത് ഫിലോമിന'; മായാവിയിലെ കഥാപാത്രങ്ങളുടെ മേക്ക് ഓവര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th January 2021, 7:38 pm

കൊച്ചി: ഒരു കാലത്ത് മലയാളികളുടെ കുട്ടികാല ഓര്‍മ്മകളുടെ പ്രധാനഭാഗമായിരുന്നു ബാലരമയിലെ മായാവി എന്ന ചിത്രകഥ. മായാവിയെ പിടികൂടാനായി കുട്ടൂസനും, ഡാകിനിയും, ലുട്ടാപ്പിയും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ ഏറെ ജനപ്രീതി നേടിയിരുന്നു.

ഇവരെ കൂടാതെ രാജു, രാധ, വിക്രമന്‍, മുത്തു, ലൊട്ടുലൊടുക്ക്, ഗുല്‍ഗുലുമാലു എന്നിങ്ങനെ അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ പ്രിയകഥാപാത്രങ്ങളാണ്.

ഇപ്പോഴിതാ ഈ കഥാപാത്രങ്ങളെല്ലാം നമ്മുടെ ഇഷ്ടതാരങ്ങളുടെ രൂപത്തില്‍ പുനര്‍ജനിച്ചിരിക്കുകയാണ്. കൂട്ടൂസനായി മാമുക്കോയ, ഡാകിനിയായി ഫിലോമിന, ലുട്ടാപ്പിയായി ബിജുകുട്ടന്‍ ഇങ്ങനെയാണ് പുതിയ മേക്ക് ഓവര്‍.

അനൂപ് വേലായുധന്‍ എന്ന ഗ്രാഫിക് ഡിസൈനറാണ് ഈ മേക്ക് ഓവറിന് പിന്നില്‍. പുതിയ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

നിരവധിപേരാണ് മായാവി കഥാപാത്രങ്ങളുടെ പുതിയ മേക്ക് ഓവര്‍ ഏറ്റെടുത്ത് രംഗത്തെത്തിയത്. ഇതുവരെ പങ്കുവെച്ചതില്‍ ഏറ്റവുമധികം കൈയ്യടി നേടുന്നത് വിക്രമനും മുത്തുവുമാണ്.

 

നടന്‍ ഷമ്മി തിലകനാണ് വിക്രമനായി എത്തുന്നത്. മുത്തുവാകുന്നത് രമേഷ് പിഷാരടിയാണ്. മായാവിയിലെ മറ്റ് പ്രധാന കഥാപാത്രമായ രാജൂവും രാധയും ഇനി ഏത് രൂപത്തില്‍ വരുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

മറ്റു കഥാപാത്രങ്ങള്‍ പിന്നാലെ എത്തുമെന്നാണ് അനൂപ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Mayavi Comic Characters Make Over