ഊണ് കഴിക്കുമ്പോള്‍ ദേവേന്ദ്രന്‍ വന്നാലും എണീക്കരുതെന്ന് ആ നടൻ എനിക്ക് പറഞ്ഞുതന്നു: മനു വർമ
Entertainment
ഊണ് കഴിക്കുമ്പോള്‍ ദേവേന്ദ്രന്‍ വന്നാലും എണീക്കരുതെന്ന് ആ നടൻ എനിക്ക് പറഞ്ഞുതന്നു: മനു വർമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd May 2025, 11:14 am

മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി സിനിമയിലും സീരിയലിലും സജീവ സാന്നിധ്യമറിയിച്ച നടനാണ് മനു വര്‍മ. ചെറിയ പ്രായത്തിൽ തന്നെ അഭിനയിച്ച് തുടങ്ങിയ നടൻ ഇപ്പോൾ സീരിയലാണ് പ്രധാനമായും ചെയ്യുന്നത്.

നീലഗിരി, തിരുത്തൽവാദി, ജനം, ഭാര്യ, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, അലഞ്ചേരി തമ്പ്രാക്കൾ, അധിപൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മുതിർന്ന നടൻ ജഗനാഥ വർമയുടെ മകനാണ് മനു വര്‍മ. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് മനു വർമ.

ഭക്ഷണം കഴിക്കുമ്പോള്‍ ഇരുന്നിടത്തുനിന്നും എണീക്കരുത് എന്ന് പറഞ്ഞുതന്ന നടന്‍ മോഹന്‍ലാല്‍ ആണെന്നും അത് അധിപന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വന്നപ്പോഴാണെന്നും മനു വര്‍മ പറയുന്നു.

അവിടെ മോഹന്‍ലാലിനെ കണ്ടപ്പോള്‍ താന്‍ എണീറ്റുവെന്നും അപ്പോള്‍ അദ്ദേഹം ‘വേണ്ട മോനേ… ഊണ് കഴിക്കുമ്പോള്‍ ദേവേന്ദ്രന്‍ വന്നാലും എണീക്കരുത്’ എന്ന പറഞ്ഞുവെന്നും നടന്‍ പറഞ്ഞു.

‘എനിക്ക് ആദ്യമായിട്ട് ഭക്ഷണം കഴിക്കുമ്പോള്‍ ഇരുന്നിടത്തുനിന്നും എണീക്കരുത് എന്ന് പറഞ്ഞുതന്ന ഒറ്റയാളെ ഉള്ളു. അത് ലാലേട്ടനാണ്. ലാലേട്ടനൊരിക്കല്‍ അധിപന്റെ ലൊക്കേഷനില്‍ വന്നപ്പോള്‍ ഞാന്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. അപ്പോള്‍ ലാലേട്ടനെ കണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് എണീറ്റപ്പോള്‍ ‘വേണ്ട മോനേ… ഊണ് കഴിക്കുമ്പോള്‍ ദേവേന്ദ്രന്‍ വന്നാലും എണീക്കരുത്’ എന്ന് പറഞ്ഞു.’മനു വര്‍മ പറഞ്ഞു.

അധിപൻ

മോഹൻലാൽ, പാർവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. മധു സംവിധാനം ചെയ്ത ചിത്രമാണ് അധിപൻ. ബാലൻ കെ. നായർ, ജനാർദ്ദനൻ, മണിയൻപിള്ള രാജു, മോനിഷ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങൾ. ഗീതികാ ആർട്സിന്റെ ബാനറിൽ ഗീതികയാണ് സിനിമ നിർമിച്ചത്.

Content Highlight: Manu Varma Talking about Mohanlal