'നീ ഇടിക്കെടാ, ഒരു ഇടി ഞാന്‍ കൊണ്ടോളാം' എന്ന് മമ്മൂക്ക, പക്ഷെ കൊടുത്ത ഇടി കാര്യമായി; അദ്ദേഹം അപ്പോൾ പറഞ്ഞത്: മനു വർമ
Entertainment
'നീ ഇടിക്കെടാ, ഒരു ഇടി ഞാന്‍ കൊണ്ടോളാം' എന്ന് മമ്മൂക്ക, പക്ഷെ കൊടുത്ത ഇടി കാര്യമായി; അദ്ദേഹം അപ്പോൾ പറഞ്ഞത്: മനു വർമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th May 2025, 1:29 pm

മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി സിനിമയിലും സീരിയലിലും സജീവ സാന്നിധ്യമറിയിച്ച നടനാണ് മനു വര്‍മ. ചെറിയ പ്രായത്തിൽ തന്നെ അഭിനയിച്ച് തുടങ്ങിയ നടൻ ഇപ്പോൾ സീരിയലാണ് പ്രധാനമായും ചെയ്യുന്നത്. ഇപ്പോൾ മമ്മൂട്ടിയുമായി സിനിമ ചെയ്ത അനുഭവത്തെപ്പറ്റി സംസാരിക്കുകയാണ് മനു വർമ.

നീലഗിരി സിനിമയിലാണ് തനിക്ക് മമ്മൂട്ടിയുമായി കോമ്പിനേഷന്‍ സീനുള്ളതെന്നും ആ സിനിമയില്‍ താന്‍ മധുബാലയെ കല്യാണം കഴിക്കാന്‍ വരുന്ന ക്യാരക്ടറാണെന്നും മനു വര്‍മ പറയുന്നു.

സിനിമയുടെ അവസാനം മമ്മൂട്ടിയുമായി പ്രശ്‌നം ഉണ്ടാകുമ്പോള്‍ അദ്ദേഹത്തിന് പഞ്ച് കൊടുക്കുന്ന സീന്‍ ഉണ്ടെന്നും നല്ലൊരു ഫൈറ്റ് ആണ് പറഞ്ഞതെന്നും മനു വര്‍മ പറഞ്ഞു.

തനിക്ക് അപ്പോള്‍ മമ്മൂട്ടിയെ ഇടിക്കാനുള്ള ശക്തിയില്ലെന്നും രണ്ട് പഞ്ച് കൊടുത്തിട്ടും ആ ഷോട്ട് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ. വി. ശശിയും മമ്മൂട്ടിയും ഇടിക്ക് എന്ന് പറഞ്ഞുവെന്നും അങ്ങനെ താന്‍ ഇടിച്ചുവെന്നും ആ ഇടി കൊണ്ട് മമ്മൂട്ടി കമഴ്ന്ന് പോയെന്നും മനു പറഞ്ഞു.

ഇത് നല്ല ഇടിയായി പോയി എന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും അപ്പോള്‍ താന്‍ മാപ്പ് തരണമെന്നാണ് പറഞ്ഞതെന്നും മനു വര്‍മ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു മനു വര്‍മ.

നീലഗിരി സിനിമയിലാണ് എനിക്ക് മമ്മൂട്ടിയുമായി കോമ്പിനേഷന്‍ സീനുള്ളത്. ആ സിനിമയില്‍ ഞാന്‍ മധുപാലയെ കല്യാണം കഴിക്കാന്‍ വരുന്ന ക്യാരക്ടറാണ്. പക്ഷെ, മധുബാലക്ക് എന്നെ ഇഷ്ടമല്ല. മധുബാല എന്നെ വേണ്ടെന്ന് വെച്ചിട്ടാണ് സോമന്‍ ചേട്ടന്റെ വീട്ടിലേക്ക് വരുന്നത്. അപ്പോള്‍ ലാസ്റ്റ് മമ്മൂക്കയുമായിട്ട് ആയിട്ട് എന്തോ ക്ലാഷ് വന്നിട്ട് ഞാന്‍ മമ്മൂക്കക്ക് ഒരു പഞ്ച് കൊടുക്കുന്നുണ്ട്. നല്ലൊരു ഫൈറ്റാണ് പറഞ്ഞിരുന്നത്. എനിക്കന്ന് 21 വയസാണ് ഉള്ളത്.

എനിക്ക് മമ്മൂക്കയെ ഇടിക്കാനുള്ള ശക്തിയില്ല, ധൈര്യവുമില്ലായിരുന്നു. ഞാന്‍ രണ്ട് പഞ്ച് കൊടുത്തിട്ടും ക്യാമറ വെച്ചിട്ട് ശരിയാകുന്നില്ല. ശശിയേട്ടന്‍ ‘ഇടിക്കെടാ’ എന്ന് പറഞ്ഞു. മമ്മൂക്കയും ‘നീ ഇടിക്കെടാ, ഒരു ഇടി ഞാന്‍ കൊണ്ടോളാം’ എന്ന് പറഞ്ഞു.

അവസാനം ഞാന്‍ ഒരു ഇടി ഇടിച്ചു. പുള്ളി കമിഴ്ന്നുപോയി. അപ്പോള്‍ മമ്മൂക്ക പറഞ്ഞു ഇത് നല്ല ഇടിയായി പോയി എന്ന്. ഞാന്‍ മാപ്പ് തരണമെന്നാണ് അപ്പോള്‍ പറഞ്ഞത് (ചിരിക്കുന്നു),’ മനു വർമ പറയുന്നു.

നീലഗിരി

രൺജിത്ത് രചന നിർവഹിച്ച് ഐ. വി ശശി സംവിധാനം ചെയ്ത സിനിമയാണ് നീലഗിരി. മമ്മൂട്ടി, സുനിത, മധുബാല, എം. ജി. സോമൻ, അഞ്ജു, ശ്രീവിദ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Content Highlight: Manu Varma Talking about Mammootty and Neelagiri Cinema