മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മനോജ് കെ. ജയന്‍. മലയാള സിനിമക്ക് മികച്ച നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഈയിടെ ആയിരുന്നു മണിയന്‍പിള്ള രാജു ഒരു അഭിമുഖത്തില്‍ ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ മനോജ് കെ. ജയനെ നായകനാക്കാന്‍ പ്ലാന്‍ ചെയ്തിരുന്നുവെന്ന് പറയുന്നത്.
പിന്നീട് അത് മോഹന്‍ലാലിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഈ കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് പറയുകയാണ് മനോജ് കെ. ജയന്‍. തന്നെ നായകനാക്കി ഷാജി കൈലാസും രഞ്ജിത്തും ചെയ്ത അസുരവംശം എന്ന സിനിമ കഴിഞ്ഞ ഉടനെയായിരുന്നു ആറാം തമ്പുരാന്‍ വന്നതെന്നും അദ്ദേഹം പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ആറാം തമ്പുരാന്‍ എന്നെ വെച്ച് പ്ലാന്‍ ചെയ്തിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. ഈയിടെ മണിയന്‍പിള്ള രാജു അഭിമുഖത്തില്‍ അതിനെ കുറിച്ച് പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്. അസുരവംശം എന്ന സിനിമ കഴിഞ്ഞ ഉടനെ അതേ ടീം ഒന്നിച്ച ചിത്രമായിരുന്നല്ലോ ആറാം തമ്പുരാന്‍.
അസുരവംശം സിനിമ കഴിഞ്ഞ് അത്രയും ഹാപ്പി ആയിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്. ആ സിനിമയുടെ കൈമാക്‌സും മറ്റും എടുത്ത ശേഷം ഷാജി കൈലാസും രഞ്ജിയുമൊക്കെ (രഞ്ജിത്ത്) വന്നിട്ട് എന്നെ കെട്ടിപിടിച്ചിരുന്നു.
ഡബ്ബിങ് സമയത്തും രഞ്ജിക്ക് വലിയ സന്തോഷമായിരുന്നു. എന്നെ അന്ന് അഭിനന്ദിച്ചു കൊണ്ട് കുറേ സംസാരിച്ചിരുന്നു. ഞങ്ങള്‍ അത്രയും സന്തോഷത്തോടെ പിരിഞ്ഞ പടമായിരുന്നു അസുരവംശം.
അങ്ങനെയൊരു സിനിമയില്‍ നിന്ന് പിരിഞ്ഞ ശേഷം സ്വാഭാവികമായും ഇതേ ടീം വീണ്ടും ഒന്നിച്ച് എത്തുമ്പോള്‍ ‘എന്നാല്‍ പിന്നെ മനോജ് കെ. ജയനെ തന്നെ കൊണ്ടുവരാം’ എന്ന് കരുതിയിട്ടുണ്ടാകാം. എന്നാല്‍ ഇങ്ങനെ ഒരു സംഭവം നടക്കുന്നതൊന്നും എനിക്ക് അറിയില്ലായിരുന്നു.
എന്റെ ഒരു സ്വഭാവം വെച്ച് ഞാന്‍ ഇത്തരം കാര്യങ്ങളുടെ പുറകെ പോകാറില്ല. ഒരു സിനിമയില്‍ വര്‍ക്ക് ചെയ്താല്‍ പിന്നെ അവരെ വിളിച്ചിട്ട് അടുത്ത പടം എന്തായെന്നോ അടുത്തതില്‍ എനിക്ക് അവസരമുണ്ടോ എന്നോ ഞാന്‍ ചോദിക്കാറില്ല.
അതുകൊണ്ടാകണം ആറാം തമ്പുരാന്റെ കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഈയിടെ മണിയന്‍പിള്ള രാജു പറയുമ്പോളാണ് ഞാനിത് അറിയുന്നത്. ഇങ്ങനെയൊരു കഥയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും അദ്ദേഹം കേള്‍ക്കാന്‍ ഇടയായി.
അസുരവംശം കഴിഞ്ഞ ഉടനെ ഷാജി കൈലാസും രഞ്ജിത്തും എന്നെ വെച്ച് പ്ലാന്‍ ചെയ്യുകയായിരുന്നു. മണിയന്‍പിള്ള രാജു കഥ കേട്ടപ്പോള്‍ ‘ഇത് ലാലിനെ പോലെയുള്ള ഒരാള്‍ ചെയ്താല്‍ വേറെ ലെവലില്‍ മാറും’ എന്ന് പറയുകയായിരുന്നു.
അങ്ങനെ നായകനായി മോഹന്‍ലാല്‍ വരുന്നു. പക്ഷെ ഇതൊന്നും ഞാന്‍ അറിയുന്നില്ല. ഈയിടെയാണ് ഞാന്‍ അറിയുന്നത് (ചിരി). പക്ഷെ അതിന് താഴെ പലരും കമന്റിട്ടത് ഞാന്‍ കണ്ടു. ‘ഇത് മനോജ് കെ. ജയന്‍ ചെയ്തിരുന്നെങ്കില്‍ പൊളിഞ്ഞേനേ’ എന്നൊക്കെ പലരും പറയുന്നുണ്ട്,’ മനോജ് കെ. ജയന്‍ പറയുന്നു.
Content Highlight: Manoj K Jayan Talks About Aaraam Thamburan Movie