കോമഡി ചെയ്യുന്നവര്‍ക്ക് എല്ലാ വേഷവും ചെയ്യാന്‍ പറ്റും, അതിന് ഉദാഹരണമാണ് ആ നടന്‍: മഞ്ജു പിള്ള
Entertainment
കോമഡി ചെയ്യുന്നവര്‍ക്ക് എല്ലാ വേഷവും ചെയ്യാന്‍ പറ്റും, അതിന് ഉദാഹരണമാണ് ആ നടന്‍: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd June 2025, 1:47 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു പിള്ള. സിനിമാ – സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമായ നടി സിനിമയില്‍ വര്‍ഷങ്ങളോളം ഹാസ്യ വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടുകളുടെ കൂടെ അവര്‍ അഭിനയിച്ചിട്ടുമുണ്ട്.

ഇപ്പോള്‍ കോമഡി ചെയ്യുന്നവര്‍ക്ക് എല്ലാ വേഷവും കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് മഞ്ജു പിള്ള പറയുന്നു. കോമഡി ചെയ്യുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും ഒരാളെ ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അവര്‍ പറയുന്നു. ജഗതി ശ്രീകുമാര്‍ ഒരു ഉദാഹരണമാണെന്നും, അദ്ദേഹം ചെയ്യാത്ത വേഷങ്ങളില്ലെന്നും മഞ്ജു പറയുന്നു.

നമ്മള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുകയാണെങ്കില്‍ ചിരിവരുമെന്നും മറ്റ് ആര്‍ട്ടിസ്റ്റുകള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ചിരിക്കുന്നതും മറ്റും റീലുകളിലും ഇപ്പോള്‍ കാണാമെന്നും അവര്‍ പറഞ്ഞു. ജഗതി അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ചിരിച്ചാല്‍ അദ്ദേഹത്തിന് ദേഷ്യം വരുമെന്നും എന്നാല്‍ അദ്ദേഹം എന്തെങ്കിലും സജഷന്‍ പറയാന്‍ പോകുമ്പോള്‍ നമ്മളെ നോക്കി കോക്രി കാണിക്കുമെന്നും അത് ജഗതിയുടെ ഒരു കുരത്തക്കേടാണെന്നും മഞ്ജു പിള്ള പറയുന്നു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള.

‘കോമഡി ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്. ചെയ്ത് ഫലിപ്പിച്ച് ഒരാളെ ചിരിപ്പിക്കുക എന്ന് പറയുന്നതിന് ചില്ലറ പ്രയാസമല്ല. അത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. കോമഡി ചെയ്യാന്‍ പറ്റുന്ന ആര്‍ട്ടിസ്റ്റിന് ഏത് വേഷവും ചെയ്യാനാകും. അമ്പിളി ചേട്ടനെ എടുത്ത് നോക്കിക്കോളൂ. അമ്പിളി ചേട്ടന്‍ ഏത് വേഷമാണ് ചെയ്തിട്ടില്ലാത്തത്. നമ്മള്‍ കൂടെ അഭിനയിച്ചോണ്ട് നില്‍ക്കുമ്പോള്‍ ചിരിക്കും. ഇപ്പോള്‍ അതിന്റെ റീലൊക്കെ ഇറങ്ങുന്നുണ്ട്. ലാലേട്ടന്‍ ചിരിച്ചത്. ഹനീഫിക്ക ചിരിച്ചത്. പുള്ളി ചെയ്‌തോണ്ടിരിക്കുമ്പോള്‍ ചിരിച്ചാല്‍ ദേഷ്യം വരും. അതുകൊണ്ട് ടെന്‍ഷനാണ്.

അമ്പിളി ചേട്ടന്‍ അങ്ങനെ പറയുമെങ്കിലും പുള്ളിക്ക് ഒരു കുരുത്തക്കേട് ഉണ്ട്. അദ്ദേഹം നല്ല നീറ്റ് ആയിട്ടൊക്കെ ചെയ്യും. അതുകഴിഞ്ഞ് സജഷന്‍ വെക്കില്ലേ സജഷന്‍ ലുക്ക് തന്നിട്ട് അവിടെ നിന്ന് കോക്രി കാണിക്കും. ഒരോ ആക്ഷന്‍ കാണിച്ചിട്ട് നമ്മളെ ചിരിപ്പിക്കും. അപ്പോള്‍ ഡയറക്ടര്‍ ചോദിക്കും ‘ എന്താ മഞ്ജു, എന്ന്. ഞാന്‍ ഒന്നും ചെയ്തില്ല എന്ന് പറയും. ‘ എന്താ കുട്ടി നന്നായിട്ട് ചെയ്തൂടെ എന്ന് പറഞ്ഞ് പുള്ളി നമ്മളെ വിരട്ടും. അപ്പോള്‍ അങ്ങനത്തെ കുരുത്തക്കേടുമുണ്ട് അമ്പിളി ചേട്ടന്റെ കയ്യില്,’ മഞ്ജു പിള്ള പറയുന്നു.

Content Highlight: Manju Pillai says that comedians can handle any role