മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് തുടരും. ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു വില്ലനായെത്തിയ പ്രകാശ് വര്‍മയുടേത്. വോഡഫോണ്‍ സൂസൂ, ദുബായ് ടൂറിസം, മഹീന്ദ്ര ഥാര്‍ തുടങ്ങിയ പരസ്യചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പ്രകാശ് വര്‍മ. ആദ്യമായി അഭിനയിച്ച ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രകാശ് വര്‍മക്ക് സാധിച്ചു. ജോര്‍ജ് മാത്തന്‍ എന്ന പൊലീസുകാരനായിട്ടായിരുന്നു അദ്ദേഹമെത്തിയത്.
പ്രകാശ് വര്‍മയെ കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. മികച്ച നടനാണ് പ്രകാശ് വര്‍മയെന്നും അദ്ദേഹത്തിന്റെ കഴിവറിയാന്‍ ഒരു സീന്‍ തന്നെ മതിയായിരുന്നുവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചോറ് വെന്തോ എന്നറിയാന്‍ ഒരു വറ്റെടുത്ത് ഞെക്കിനോക്കിയാല്‍ മതി. പ്രകാശ് വര്‍മയുടെ കഴിവറിയാന്‍ ഒരു സീന്‍ തന്നെ മതിയായിരുന്നു. ഞാനും ശോഭനയും കൂടിയുള്ള ആദ്യത്തെ സീന്‍ എടുത്തുകൊണ്ടിരിക്കുമ്പോള്‍ മഴയുള്ള രാത്രിയില്‍ ജോര്‍ജ് സാര്‍ വന്ന് ‘ഹായ് മോളെ, അമ്മ എന്തിയെ’ എന്ന് ചോദിക്കുന്നൊരു സീന്‍ ഉണ്ട്.
ആ സീന്‍ എടുക്കുന്നതിന് മുമ്പ് ശോഭനയുടെയും എന്റെയും ഒക്കെ കാലില്‍ തൊട്ട് വണങ്ങി. എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം ഒരു പരസ്യത്തിന് അഞ്ച് കോടി രൂപ വാങ്ങിക്കുന്ന ആളാണ്. ലംബോര്‍ഗിനിയും അങ്ങനെയുള്ള വണ്ടികളും ഉള്ള ആളാണ്. എന്നാല്‍ വളരെ സിമ്പിള്‍ ആയിട്ടുള്ള, സ്വീറ്റ് ആയിട്ടുള്ള, നല്ല ശബ്ദ ഗാംഭീര്യമുള്ള ആളാണ്.
ഷാരൂഖ് ഖാനെ വെച്ചിട്ടുള്ള പരസ്യവും അങ്ങനെ എണ്ണൂറോളം പരസ്യങ്ങള്‍ ചെയ്തിട്ടുള്ള ആളാണ്. നല്ല അഭിനേതാവാണ്. പണ്ട് അഭിനയിക്കാനായി സിനിമയില്‍ എത്തിയതാണ്. അങ്ങനെ അവസരം കിട്ടാതെ വി.കെ പ്രകാശിന്റെ പരസ്യ കമ്പനിയില്‍ അസിസ്റ്റന്റായി കയറുകയായിരുന്നു. വളരെ നല്ലൊരു അഭിനേതാവാണ്. ഇവിടെയുണ്ടായിരുന്ന ഒരു നടനെ വിഗ് വെച്ചിറക്കിയാല്‍ ഇത്രയും ഇമ്പാക്ട് ഉണ്ടാകുമായിരുന്നില്ല,’ മണിയന്‍പിള്ള രാജു പറയുന്നു.