ഫ്രീ ആണെങ്കിലും അഭിനയിക്കാന്‍ വരില്ലെന്ന് ലാല്‍; എനിക്ക് വേണ്ടി മാറിനിന്നു: മണിയന്‍പിള്ള രാജു
Entertainment
ഫ്രീ ആണെങ്കിലും അഭിനയിക്കാന്‍ വരില്ലെന്ന് ലാല്‍; എനിക്ക് വേണ്ടി മാറിനിന്നു: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 11:19 am

1976ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് മണിയന്‍പിള്ള രാജു. 1981ലാണ് മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന്റെ പേര് മണിയന്‍പിള്ള രാജു എന്നായി മാറുന്നത്.

കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കാനും 13 സിനിമകള്‍ നിര്‍മിക്കാനും നടന് സാധിച്ചു. ഇപ്പോഴും നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം.

നടന്‍ മോഹന്‍ലാലുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് മണിയന്‍പിള്ള രാജു. തനിക്ക് വേണ്ടി മോഹന്‍ലാല്‍ മാറിനിന്നതിനെ കുറിച്ചും ധീം തരികിട തോം എന്ന സിനിമയില്‍ താന്‍ നായകനായതിനെ കുറിച്ചും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുകയാണ് നടന്‍.

‘പ്രൊഡ്യൂസറായ ആനന്ദേട്ടന് ഒരു പടമെടുക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ ആ സമയത്ത് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാനില്ലായിരുന്നു. ലാല്‍ വേറെ ഏതോ സിനിമയുടെ തിരക്കിലായിരുന്നു. അപ്പോള്‍ പ്രിയനാണ് എന്നെ വെച്ചൊരു പടമെടുക്കാമെന്ന് പറഞ്ഞത്.

അങ്ങനെ എന്നെ വെച്ച് ധീം തരികിട തോം എന്ന സിനിമ പ്ലാന്‍ ചെയ്തു. അതിന്റെ ഷൂട്ടിങ്ങിന്റെ കാര്യങ്ങളൊക്കെ റെഡിയാക്കി. ഷൂട്ട് തുടങ്ങാന്‍ പത്ത് ദിവസം ബാക്കിയുള്ളപ്പോള്‍ മോഹന്‍ലാലിന്റെ സിനിമ ക്യാന്‍സലായി.

അതോടെ ‘ലാലിന്റെ ഡേറ്റ് ക്യാന്‍സലായിട്ടുണ്ട്. 25 ദിവസത്തേക്ക് ഡേറ്റുണ്ടാകും’ എന്ന് പറഞ്ഞ് കോള്‍ വന്നു. ഉടനെ ഇവര്‍ മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ ആലോചിച്ചു. ഇത് ലാല്‍ അറിഞ്ഞു.

എന്നെ വെച്ച് സിനിമ ചെയ്യാനിരുന്നതായിരുന്നു എന്നും ലാല് മനസിലാക്കി. ‘രാജു ചേട്ടനെ വെച്ച് പ്ലാന്‍ ചെയ്തതല്ലേ. ഞാന്‍ ഈ ദിവസങ്ങള്‍ ഫ്രീ ആയിരിക്കും. പക്ഷെ ആ പടത്തില്‍ അഭിനയിക്കാന്‍ വരില്ല’ എന്ന് ലാല്‍ പറഞ്ഞു.

ആ പടം മുടക്കിയിട്ട് അഭിനയിക്കില്ലെന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്. ലാല്‍ എനിക്ക് വേണ്ടി അതില്‍ നിന്ന് മാറിനിന്നു. അങ്ങനെയാണ് ധീം തരികിട തോം എന്ന സിനിമ നടക്കുന്നത്. വളരെ നല്ല പടമായിരുന്നു അത്,’ മണിയന്‍പിള്ള രാജു പറയുന്നു.

ധീം തരികിട തോം:

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ധീം തരികിട തോം. ലിസിയും മണിയന്‍പിള്ള രാജുവും ഒന്നിച്ച സിനിമയുടെ കഥ ബ്രിട്ടീഷ് മ്യൂസിക്കല്‍ കോമഡി ചിത്രമായ ഹാപ്പി ഗോ ലവ്ലിയില്‍ നിന്നാണ്. മുകേഷ്, നെടുമുടി വേണു, ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, ശങ്കര്‍ എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.


Content Highlight: Maniyanpilla Raju Talks About Mohanlal And Dheem Tharikida Thom Movie