ഷഷ്ടിപൂര്‍ത്തിയുടെ അന്ന് മമ്മൂട്ടിയോട് പറഞ്ഞു 'രണ്ട് സ്‌മോള്‍ ഒക്കെ അടിക്കും' എന്ന്; അദ്ദേഹത്തിൻ്റെ മറുപടി... മണിയൻപിള്ള രാജു
Entertainment
ഷഷ്ടിപൂര്‍ത്തിയുടെ അന്ന് മമ്മൂട്ടിയോട് പറഞ്ഞു 'രണ്ട് സ്‌മോള്‍ ഒക്കെ അടിക്കും' എന്ന്; അദ്ദേഹത്തിൻ്റെ മറുപടി... മണിയൻപിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th June 2025, 7:16 pm

മലയാള സിനിമയിലെ നടനും നിർമാതാവുമാണ് മണിയൻപിള്ള രാജു. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ.

മമ്മൂട്ടിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാള്‍ താന്‍ ആണെന്നും മോഹന്‍ലാലിനെക്കാളും താന്‍ അധികം വിളിക്കുന്നത് മമ്മൂട്ടിയെ ആണെന്നും മണിയന്‍പിള്ള രാജു പറയുന്നു.

തനിക്ക് മമ്മൂട്ടിഒരു ജ്യേഷ്ഠനെപ്പോലെയാണെന്നും ഷഷ്ടിപൂര്‍ത്തിയുടെ അന്ന് താന്‍ വിളിച്ചെന്നും അന്ന് മമ്മൂട്ടിയുടെ വീട്ടില്‍ വെച്ചിട്ടാണ് താന്‍ ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് തോന്നുന്നു മമ്മൂട്ടിക്ക് ഏറ്റവും അടുത്ത കൂട്ടുകാര്‍ മൂന്ന് നാല് പേരുണ്ടെങ്കില്‍ അതിലൊരാള്‍ ഞാന്‍ തന്നെയാണ്. മോഹന്‍ലാലിനെക്കാളും ഞാന്‍ കൂടുതല്‍ വിളിക്കുന്നത് ചിലപ്പോള്‍ മമ്മൂട്ടിയെ ആയിരിക്കും. പുള്ളിയെ ഒരു ജ്യേഷ്ഠനെപ്പോലെ ബഹുമാനിക്കുന്ന ഒരാളാണ്. പുള്ളിയെ ഞാന്‍ വിളിച്ച് സംസാരിക്കും പുള്ളി കാര്യങ്ങളൊക്കെ ചോദിക്കും.

എനിക്കിപ്പോഴും ഓര്‍മയുണ്ട്, ഞാന്‍ ഒരു ദിവസം ഫോണ്‍ ചെയ്തപ്പോള്‍ എന്നോട് ചോദിച്ചു ‘നീ എവിടെയുണ്ട്’ എന്ന് അപ്പോള്‍ ഞാന്‍ പറഞ്ഞു ‘വീട്ടിലുണ്ട്, ഇന്നെന്റെ ഷഷ്ടിപൂര്‍ത്തിയാണ്, ഞാന്‍ വീട്ടിലൊറ്റക്കാണ്’ എന്നുപറഞ്ഞു.

‘എന്നാല്‍ ഇവിടെ വാ… നിനക്ക് ഇഷ്ടമല്ലേ ചൈനീസ് ഫുഡ്. നമുക്ക് എവിടെയെങ്കിലും പോകാമെന്ന്’ അദ്ദേഹം പറഞ്ഞു. ഞാന്‍ പറഞ്ഞു ‘രണ്ട് സ്‌മോള്‍ ഒക്കെ അടിക്കും’ എന്ന്. അപ്പോള്‍ മമ്മൂട്ടി പറഞ്ഞത് ‘ഇവിടെ അതൊന്നും ഇല്ല’ എന്നാണ്.

‘അതില്ലെങ്കില്‍ വേണ്ട ഞാന്‍ രണ്ടെണ്ണം കഴിച്ചിട്ട് വരാം. നിങ്ങളുടെ വീട്ടിലുള്ളത് മതി’ എന്നാണ് ഞാന്‍ അപ്പോള്‍ അദ്ദേഹത്തിനോട് പറഞ്ഞത്.

അങ്ങനെ ഞാന്‍ പോയി. അദ്ദേഹവും, പങ്കാളിയും ഞാനും. ഞങ്ങള്‍ മൂന്ന് പേര് ഭക്ഷണം കഴിച്ചു. അതാണ് ഷഷ്ടിപൂര്‍ത്തി. അങ്ങനെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളാണ്,’ മണിയൻപിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raju talking about Mammootty