'ഏയ് ഓട്ടോ'യിലെ കണ്ണ് നിറയിപ്പിച്ച സീൻ; അത് മറ്റൊരു ഹിറ്റ് ചിത്രത്തിൽ നിന്നും കോപ്പിയടിച്ചത്: മണിയൻപിള്ള രാജു
Entertainment
'ഏയ് ഓട്ടോ'യിലെ കണ്ണ് നിറയിപ്പിച്ച സീൻ; അത് മറ്റൊരു ഹിറ്റ് ചിത്രത്തിൽ നിന്നും കോപ്പിയടിച്ചത്: മണിയൻപിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 9:08 am

വേണു നാഗവള്ളി രചനയും സംവിധാനവും നിർവഹിച്ച് മോഹൻലാൽ, രേഖ എന്നിവരെ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രമാണ് ഏയ് ഓട്ടോ. സരസ്വതി ചൈതന്യയുടെ ബാനറിൽ മണിയൻപിള്ള രാജുവാണ് ചിത്രം നിർമിച്ചത്. ഇപ്പോൾ ആഭിജാത്യം എന്ന സിനിമയില്‍ നിന്നാണ് ഏയ് ഓട്ടോയിലെ കണ്ണ് നിറയിച്ച ഒരു സീന്‍ ഉണ്ടായതെന്ന് പറയുകയാണ് മണിയന്‍പിള്ള രാജു.

മധു കല്ല്യാണം കഴിച്ചത് ശാരദയെയാണെന്നും ആ ചിത്രത്തിൽ മധുവിന് വലിയ വരുമാനം ഇല്ലെന്നും മണിയന്‍പിള്ള രാജു പറയുന്നു.
മധു സദ്യ ഉണ്ണാനിരിക്കുമ്പോള്‍ ശാരദയുടെ അച്ഛന്‍ വേഷം ചെയ്യുന്ന തിക്കുറിശ്ശി എല്ലാവരുടെയും മുന്നില്‍ വെച്ച് എണീക്കാന്‍ പറഞ്ഞ് മധുവിനെ അപമാനിച്ചെന്നും ചിരിയോടെ തന്നെ മധു അവിടെ നിന്നും എണീറ്റ് പോയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

അത് തിയേറ്ററില്‍ കണ്ട് തന്റെ കണ്ണ് നിറഞ്ഞെന്നും ആ സീന്‍ എങ്ങനെയെങ്കിലും ഏയ് ഓട്ടോ സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന് വേണു നാഗവള്ളിയോട് പറഞ്ഞെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

(ഏയ് ഓട്ടോ ചിത്രത്തിൽ പിറന്നാളിന് മോഹൻലാൽ വരികയും കഴിക്കാൻ ഇരിക്കുമ്പോൾ അവിടെ നിന്നും എണീറ്റ് വിടുകയും ചെയ്യുന്നു. ഒരു ചിരിയോടെ തന്നെ മോഹൻലാൽ അവിടെ നിന്നും എണീറ്റ് പോകുന്നതുമാണ് സീൻ. ഒരു ഡയലോഗ് പോലുമില്ലാതെ പ്രേക്ഷകരെ കരയിപ്പിച്ച സീനായിരുന്നു അത്).

‘ഞാന്‍ ആ സീന്‍ മോഷ്ടിച്ചത് ആഭിജാത്യം എന്ന സിനിമയില്‍ നിന്നാണ്. മധു സാര്‍ കല്ല്യാണം കഴിച്ചത് ശാരദയെയാണ്. അനിയത്തി കല്ല്യാണം കഴിച്ചത് നസീര്‍ സാര്‍ ആണെന്നാണ് തോന്നുന്നത്. അപ്പോള്‍ മധുസാറിന് വലിയ വരുമാനം ഇല്ലാത്തതാണ് അപ്പോള്‍ മധു സാര്‍ താഴെയിരുന്ന് സദ്യ ഉണ്ണാന്‍ ഇരിക്കുമ്പോള്‍ തിക്കുറിശ്ശി ചേട്ടന്‍ എല്ലാവരുടെ മുന്നില്‍ വെച്ചിട്ട് എണീക്കാന്‍ പറയും.

മൂപ്പര്‍ ഒരു വല്ലാത്ത ചിരിയൊക്കെ ചിരിച്ചിട്ട് എണീറ്റ് പോകും. അതാണ് ആ സീന്‍. ഞാന്‍ തിയേറ്ററില്‍ നിന്ന് കരഞ്ഞ സീന്‍ ആണ്. നമുക്ക് ഇത് എങ്ങനെയും ഏയ് ഓട്ടോ സിനിമയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് വേണു നാഗവള്ളിയോട് പറഞ്ഞു. അതാണ് ആ സീക്വന്‍സ്. അതൊരു വേറെ ഹിറ്റ് പടത്തില്‍ നിന്നും അടിച്ചുമാറ്റിയതാണ്,’ മണിയല്‍പിള്ള രാജു പറയുന്നു.

Content Highlight:  Maniyanpilla Raju says  Aye Auto film scene, It was stolen from another hit film