മലയാളസിനിമയിലെ മികച്ച സുഹൃത്തുക്കളാണ് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും. ഇരുവരും ഒന്നിച്ച പല സിനിമകളും ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. 12 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ച തുടരും മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. മോഹന്‍ലാലിന്റെ സുഹൃത്തായ കുട്ടിയച്ചന്‍ എന്ന കഥാപാത്രത്തെയാണ് മണിയന്‍പിള്ള രാജു തുടരും എന്ന ചിത്രത്തില്‍ അവതരിപ്പിച്ചത്.
ഫൈറ്റ് സീനുകള്‍ ചെയ്യാന്‍ മോഹന്‍ലാലിന് യാതൊരു പേടിയുമില്ലെന്ന് പറയുകയാണ് മണിയന്‍പിള്ള രാജു. എത്ര റിസ്‌കുള്ള ഫൈറ്റാണെങ്കിലും മോഹന്‍ലാലിന് അതൊന്നും പ്രശ്‌നമില്ലെന്നും പലപ്പോഴും താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒടിയന്‍ എന്ന സിനിമയില്‍ വലിയൊരു മരത്തിന്റെ മുകളില്‍ നിന്ന് ചാടുന്ന സീന്‍ കണ്ട് തനിക്ക് പേടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജനെ ദൈവത്തെപ്പോലെയാണ് മോഹന്‍ലാല്‍ കാണുന്നതെന്നും ഓരോ ഫൈറ്റിന് മുമ്പും അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചിട്ടാണ് മോഹന്‍ലാല്‍ ആക്ഷന്‍ സീന്‍ ചെയ്യുന്നതെന്നും മണിയന്‍പിള്ള രാജു പറയുന്നു. സ്ഫടികം എന്ന സിനിമയില്‍ ജീപ്പ് ചാടിക്കുന്ന രംഗം ചെയ്തപ്പോള്‍ മോഹന്‍ലാല്‍ തലനാരിഴക്കാണ് രക്ഷപ്പട്ടതെന്നും അത് കണ്ട് ത്യാഗരാജന്‍ ദേഷ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.
‘മോഹന്‍ലാലിന് ഫൈറ്റ് സീനുകള്‍ ചെയ്യാന്‍ വലിയ ഇഷ്ടമാണ്. അതില്‍ എത്ര റിസ്‌കുണ്ടെങ്കിലും അയാള്‍ ആസ്വദിച്ച് ചെയ്യും. ഇപ്പോള്‍ ഒടിയന്‍ എന്ന സിനിമയില്‍ വലിയൊരു മരത്തിന്റെ മുകളില്‍ നിന്ന് ചാടുന്ന ഒരു സീനുണ്ട്. സംഗതി റോപ്പും താഴെ മാറ്റും ഒക്കെയുണ്ട്. പക്ഷേ, എനിക്ക് ഹൈറ്റ് പേടിയാണ്. എങ്ങാനും ഈ റോപ്പ് പൊട്ടിയാല്‍ തീര്‍ന്നില്ലേ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.
ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജനെ ദൈവത്തെപ്പോലെയാണ് ലാല്‍ കാണുന്നത്. ഓരോ തവണ ആക്ഷന്‍ സീന്‍ ചെയ്യുമ്പോഴും ത്യാഗരാജന്‍ മാസ്റ്ററെ മനസില്‍ പ്രാര്‍ത്ഥിച്ചിട്ടേ മോഹന്‍ലാല്‍ അത് ചെയ്യാറുള്ളൂ. പുള്ളി ലാലിനോട് ഒരിക്കല്‍ ചൂടായിട്ടുണ്ട്. സ്ഫടികം എന്ന പടത്തിലായിരുന്നു. അതില്‍ പൊലീസ് ജീപ്പ് വെള്ളത്തിലേക്ക് ചാടിച്ചിട്ട് മോഹന്‍ലാല്‍ പുറത്തേക്ക് ചാടുന്ന സീനുണ്ട്.
ഒരു റാമ്പ് വെച്ച് അതിലേക്ക് ജീപ്പ് ഓടിച്ച് കയറ്റണം. സൈഡില്‍ വൈക്കോലും മറ്റ് സാധനങ്ങളും വെച്ച് ചാടാനുള്ള സ്ഥലം സെറ്റാക്കി വെച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ജീപ്പില്‍ നിന്ന് ചാടിയതും ജീപ്പ് വെള്ളത്തിലേക്ക് പോയതും സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ്. ഒന്ന് തെറ്റിയിരുന്നെങ്കില്‍ ലാലും വെള്ളത്തില്‍ പോയേനെ. ടൈമിങ് തെറ്റിച്ചതിന് മാസ്റ്റര്‍ ലാലിനെ വഴക്ക് പറഞ്ഞു. ആ സെറ്റിലുണ്ടായിരുന്ന എല്ലാവര്‍ക്കും പേടിയായി,’ മണിയന്‍പിള്ള രാജു പറഞ്ഞു.
Content Highlight: Maniyanpilla Raju saying Thyagarajan master is like a god to Mohanlal