നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മണിയന്‍പിള്ള രാജു. ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ സ്ഥാനം നേടി. നടന്‍ എന്നതിന് പുറമെ നിര്‍മാതാവ് എന്ന നിലയിലും മണിയന്‍പിള്ള രാജു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ തുടരും എന്ന ചിത്രത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്.
മലയാളസിനിമയില്‍ ജാതി, ലോബി എന്നിവയില്ലെന്ന് പറയുകയാണ് മണിയന്‍പിള്ള രാജു. ജാതിയും മതവും നോക്കാതെ കഴിവിനെ മാത്രമാണ് മലയാളികള്‍ ശ്രദ്ധിക്കുന്നതെന്നും അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ സിനിമയിലേക്ക് കൊണ്ടുവന്നത് എം.ടി. വാസുദേവന്‍ നായരാണെന്നും മോഹന്‍ലാലിനെ കൊണ്ടു വന്നത് ഫാസില്‍ എന്ന സംവിധായകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിലൂടെ മലയാളസിനിമയില്‍ ജാതിക്കും മതത്തിനുമാണ് പ്രാധാന്യമെന്ന വാദം പൊളിഞ്ഞെന്നും മണിയന്‍പിള്ള രാജു പറയുന്നു. അതുപോലെ പലരും പറയുന്ന കാര്യമാണ് മലയാളസിനിമയില്‍ രണ്ട് ലോബിയുണ്ടെന്നും അത് തിരുവനന്തപുരം ലോബിയും മട്ടാഞ്ചേരി ലോബിയുമാണെന്ന് ചിലര്‍ വാദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതെല്ലാം ആരെല്ലാമോ വെറുതേ പറഞ്ഞ് പരത്തുന്നതാണെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പലരും പറയുന്ന കാര്യമാണ് മലയാളസിനിമയില്‍ ജാതീയതയുണ്ടെന്ന്. അത് ആരോ ചുമ്മാ പറഞ്ഞുണ്ടാക്കിയതാണ്. ഒരു കാര്യം പറയാം, എം.ടി. വാസുദേവന്‍ നായര്‍ എന്ന് മഹാനായ പ്രതിഭയാണ് മമ്മൂട്ടിയെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഫാസില്‍ എന്ന സംവിധായകനാണ് മോഹന്‍ലാലിനെ കൊണ്ടുവന്നത്. അവരെല്ലാവരും തമ്മിലുള്ള ബോണ്ട് കാണുമ്പോള്‍ തന്നെ മലയാളത്തില്‍ ജാതിയുണ്ടെന്നുള്ള വാദം ഇല്ലാതാവുകയാണ്. കഴിവുണ്ടോ, അതിനെ അംഗീകരിക്കുന്നവരാണ് മലയാളികള്‍. അതില്‍ ജാതിക്കൊന്നും പ്രസക്തിയില്ല.
അതുപോലെ തന്നെ മട്ടാഞ്ചേരി ലോബി, തിരുവനന്തപുരം ലോബിയൊക്കെ മലയാളത്തിലുണ്ടെന്ന് ആരൊക്കെയോ പറഞ്ഞു നടക്കുന്നുണ്ട്. മോഹന്‍ലാലും ഞാനും എല്ലാ ദിവസവും ഫോണ്‍ വിളിച്ച് സംസാരിക്കുകയും മെസേജയക്കുകയും ചെയ്യാറുണ്ട്. 12 വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത്. തിരുവനന്തപുരം ലോബിയാണെങ്കില്‍ ഇത് നടക്കുമോ. അതുപോലെ മട്ടാഞ്ചേരി ലോബി. എറണാകുളം ബേസ് ചെയ്ത് വന്ന ചില ഫിലിംമേക്കേഴ്‌സ് അവരുടെ കൂടെയുള്ള ടെക്‌നീഷ്യന്മാരുമായി വര്‍ക്ക് ചെയ്യുന്നുണ്ട്.
ഒരുമിച്ചിരുന്ന് കഥ ഡിസ്‌കസ് ചെയ്യാനും അത് എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് തീരുമാനിക്കാനും അതാണ് കംഫര്‍ട്ട്. എന്നുവച്ച് അവര്‍ മൊത്തം ഒരു ടീമാണ്, വേറെയാര്‍ക്കും അവര്‍ അവസരം കൊടുക്കില്ല എന്നൊന്നുമില്ല. എല്ലാം പോട്ടെ, മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍താരങ്ങളെല്ലാം തിരുവനന്തപുരം ബേസ് ചെയ്ത് വന്നവരാണ്. മധു സാര്‍, സത്യന്‍ സാര്‍, നസീര്‍ സാര്‍. അത് ലോബി കാരണമാണെന്ന് ആരെങ്കിലും പറയുമോ,’ മണിയന്‍പിള്ള രാജു പറഞ്ഞു.
Content Highlight: Maniyanpilla Raju saying there is no Casteism and lobbying in Malayalam cinema