മുംബൈയില്‍ നിന്ന് ഡിസൈന്‍ ചെയ്ത ഷര്‍ട്ട് പോലും ശരിയായില്ല, അവസാനം റോഡ്‌സൈഡില്‍ 150 രൂപക്ക് വില്‍ക്കുന്ന ഷര്‍ട്ട് മോഹന്‍ലാലിന് കൊടുത്തു: മണിയന്‍പിള്ള രാജു
Entertainment
മുംബൈയില്‍ നിന്ന് ഡിസൈന്‍ ചെയ്ത ഷര്‍ട്ട് പോലും ശരിയായില്ല, അവസാനം റോഡ്‌സൈഡില്‍ 150 രൂപക്ക് വില്‍ക്കുന്ന ഷര്‍ട്ട് മോഹന്‍ലാലിന് കൊടുത്തു: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st May 2025, 4:08 pm

മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായി മാറി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. ചിത്രം 4K സാങ്കേതിക വിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തുകയാണ്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ വസ്ത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. കൊച്ചിയിലെ സാധാരണക്കാരനായിട്ടുള്ള മോഹന്‍ലാലിന്റെ പ്രകടനത്തിന് ആ കഥാപാത്രത്തിന്റൈ കോസ്റ്റ്യൂമും വലിയ പങ്ക് വഹിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിനായി മുംബൈയില്‍ നിന്ന് പ്രത്യേകം ഡിസൈന്‍ ചെയ്ത കോസ്റ്റ്യൂമായിരുന്നു ആദ്യം നല്‍കിയതെന്ന് പറയുകയാണ് നിര്‍മാതാവ് മണിയന്‍പിള്ള രാജു.

എന്നാല്‍ ആദ്യത്തെ ദിവസം തന്നെ ആ കോസ്റ്റ്യൂമില്‍ സംവിധായകന്‍ തൃപ്തനല്ലായിരുന്നെന്ന് തനിക്ക് മനസിലായെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. ആ കഥാപാത്രത്തിന് ഒരു ലൈഫ് തോന്നിയിരുന്നില്ലെന്നും സിനിമയില്‍ ആ കഥാപാത്രം മാത്രം വേറെയായി തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷൂട്ട് തുടങ്ങിയതിനാല്‍ വീണ്ടും ഡിസൈന്‍ ചെയ്യാനുള്ള സമയമില്ലായിരുന്നെന്നും മണിയന്‍പിള്ള രാജു പറയുന്നു.

എന്ത് ചെയ്യുമെന്ന് ഒരുപാട് ആലോചിച്ചെന്നും ഒടുവില്‍ പെന്റാ മേനകയുടെ മുന്നില്‍ 150 രൂപക്ക് വില്‍ക്കുന്ന കുറച്ച് ഷര്‍ട്ടുകള്‍ വാങ്ങി മോഹന്‍ലാലിന് നല്‍കിയെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. സംവിധായകന് അത് ഒരുപാട് ഇഷ്ടമായെന്നും മോഹന്‍ലാല്‍ യാതൊരു മടിയും കൂടാതെ ആ ഷര്‍ട്ടിട്ട് അഭിനയിച്ചെന്നും അദ്ദേഹം പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘ഛോട്ടാ മുംബൈയിലെ മോഹന്‍ലാലിന്റെ കോസ്റ്റ്യൂമിന് പിന്നില്‍ ഒരു കഥയുണ്ട്. ആ ക്യാരക്ടറിന് ആദ്യം ഡിസൈന്‍ ചെയ്ത കോസ്റ്റിയൂം അതല്ലായിരുന്നു. മുംബൈയില്‍ നിന്ന് പ്രത്യേകം ഡിസൈന്‍ ചെയ്ത ഷര്‍ട്ടായിരുന്നു ആദ്യം കൊണ്ടുവന്നത്. പക്ഷേ, ആദ്യത്തെ ദിവസം അത് ഇട്ട് ഷൂട്ട് ചെയ്തപ്പോള്‍ സംവിധായകന് ഒരു തൃപ്തി വന്നില്ല. ലാലിന്റെ ക്യാരക്ടര്‍ ആ കഥയില്‍ ഫിറ്റാകാത്തതുപോലെ തോന്നി.

ഷൂട്ട് തുടങ്ങിയതുകൊണ്ട് പുതിയ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യാനും സമയമില്ല. എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് പെന്റാ മേനകയുടെ മുന്നില്‍ റോഡ് സൈഡില്‍ വില്‍ക്കുന്ന നാലഞ്ച് ഷര്‍ട്ട് വാങ്ങിക്കൊണ്ട് വന്നത്. അത് മോഹന്‍ലാലിന് പക്കാ മാച്ചായിരുന്നു. പുള്ളിക്ക് വേണമെങ്കില്‍ ബ്രാന്‍ഡഡ് മാത്രമേ ധരിക്കൂ എന്ന് പറയാമായിരുന്നു. പക്ഷേ, കഥയും കഥാപാത്രവും ഡിമാന്‍ഡ് ചെയ്യുന്ന കാര്യമാണെങ്കില്‍ ലാല്‍ പിന്നെ ഒന്നും നോക്കില്ല,’ മണിയന്‍പിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raju about Mohanlal’s costume in Chotta Mumbai movie