ഷൂട്ട് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ മമ്മൂട്ടി കുടുംബത്തിനടുത്തേക്ക് പോകും, എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല: മണിയന്‍പിള്ള രാജു
Entertainment
ഷൂട്ട് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ മമ്മൂട്ടി കുടുംബത്തിനടുത്തേക്ക് പോകും, എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th June 2025, 12:20 pm

നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മണിയന്‍പിള്ള രാജു. ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ സ്ഥാനം നേടി. നടന്‍ എന്നതിന് പുറമെ നിര്‍മാതാവ് എന്ന നിലയിലും മണിയന്‍പിള്ള രാജു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളായ മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. ഷൂട്ട് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് അദ്ദേഹമെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ലെന്നും അയാള്‍ എല്ലാവരും ഷൂട്ട് അവസാനിച്ച് പോകുന്നത് വരെ അദ്ദേഹവും കൂടെ നില്‍ക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി എപ്പോഴും കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിന് തന്റെ മക്കള്‍ വളരുന്നത് കാണാന്‍ സാധിച്ചില്ലെന്നും പിന്നീട് അവര്‍ വളര്‍ന്ന് വിദേശനാടുകളിലേക്ക് പോയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. രണ്ട് പേരും സിനിമക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചവരാണെന്നും അദ്ദേഹം പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘മമ്മൂട്ടി എങ്ങനെയാണെന്ന് വെച്ചാല്‍ ഷൂട്ട് കഴിഞ്ഞാല്‍ പിന്നെ പുള്ളി ആ സെറ്റില്‍ നില്‍ക്കില്ല. ഉടനെ ഫാമിലിയുടെ അടുത്തേക്ക് പോകും. കുടുംബത്തിന്റെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കാനാണ് മമ്മൂട്ടിക്ക് ഇഷ്ടം. പക്ഷേ, മോഹന്‍ലാല്‍ അങ്ങനെയല്ല. പുള്ളി എല്ലാവരും പോയിക്കഴിഞ്ഞിട്ടേ ലാല്‍ സെറ്റില്‍ നിന്ന് പോകുള്ളൂ.

മമ്മൂട്ടിയെപ്പോലെ ഫാമിലിയുടെ കൂടെ സമയം ചെലവഴിക്കാന്‍ ലാലിന് സമയം കിട്ടിയിട്ടില്ല. മക്കള്‍ രണ്ടുപേരും വളര്‍ന്ന് വരുന്നതൊന്നും ലാലിന് കാണാന്‍ സാധിച്ചില്ല. പിന്നീട് അവര്‍ വളര്‍ന്ന് വന്നപ്പോള്‍ വിദേശത്ത് പഠിക്കാന്‍ പോയി അവിടെ തന്നെ സെറ്റിലായി. പക്ഷേ, മമ്മൂട്ടിയായാലും മോഹന്‍ലായാലും അവര്‍ സിനിമക്ക് നല്‍കിയ കോണ്‍ട്രിബ്യൂഷന്‍ വളരെ വലുതാണ്,’ മണിയന്‍പിള്ള രാജു പറയുന്നു.

മണിയന്‍പിള്ള രാജു നിര്‍മിച്ച ഛോട്ടാ മുംബൈ റീ റിലീസായി എത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 18 വര്‍ഷങ്ങള്‍ക്കിപ്പുറം 4K സാങ്കേതിക വിദ്യയില്‍ വീണ്ടുമെത്തുന്ന തലയെയും പിളേളരെയും കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

Content Highlight: Maniyanpilla Raju about Mammootty and Mohanlal