ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് മണിരത്‌നം. ആരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിക്കാതെ സ്വതന്ത്രസംവിധായകനായ മണിരത്‌നത്തിന്റെ ആദ്യ ചിത്രം മോഹന്‍ലാല്‍ നായകനായ ഉണരൂ ആയിരുന്നു. പിന്നീട് തമിഴിലും ഹിന്ദിയിലുമായി ഒരുപിടി ക്ലാസിക്കുകള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നായകന്‍, റോജ, ദളപതി തുടങ്ങിയവ അതിന് ഉദാഹരണമാണ്.
36 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനുമായി മണിരത്‌നം കൈകോര്‍ക്കുന്ന തഗ് ലൈഫ് റിലീസിനൊരുങ്ങുകയാണ്. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളി താരം ജോജു ജോര്‍ജും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജോജുവിനെക്കുറിച്ച് സംസാരിക്കുകയാണ് മണിരത്‌നം. ജോജുവുമായി വര്‍ക്ക് ചെയ്യുന്നത് എപ്പോഴും രസകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി കണ്ടപ്പോള്‍ ആരാ ഇതെന്ന് തോന്നിയെന്നും ഒപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു.
ജോജുവിന്റെ മിക്ക സിനിമകളും താന്‍ കണ്ടിട്ടുണ്ടെന്നും അപാര പെര്‍ഫോമറാണ് അയാളെന്നും മണിരത്‌നം കൂട്ടിച്ചേര്‍ത്തു. സിനിമയോട് ഒരുപാട് പാഷനുള്ളയാളാണെന്ന് ഓരോ സിനിമ കാണുമ്പോഴും മനസിലാകുമെന്നും അദ്ദേഹം പറയുന്നു. ഓരോ ഷോട്ട് എടുക്കുന്നതിന് മുമ്പും ശേഷവും ഒരുപാട് ചോദ്യം ചോദിച്ച് തന്റെ ഭാഗം ഓക്കെയാണെന്ന് ഉറപ്പുവരുത്തുന്നയാളാണ് ജോജുവെന്നും അദ്ദേഹം പറഞ്ഞു.
തഗ് ലൈഫിലേക്ക് വിളിച്ചപ്പോള്‍ തന്നെ ജോജു വന്നെന്നും കഥാപാത്രത്തിന്റെ വലിപ്പചെറുപ്പമൊന്നും അയാളെ ബാധിച്ചില്ലെന്നും മണിരത്‌നം കൂട്ടിച്ചേര്‍ത്തു. തന്റെ കഥാപാത്രത്തിന് ഒരുപാട് ഹോംവര്‍ക്ക് ചെയ്ത് വരുന്നയാളാണ് ജോജുവെന്നും പണി എന്ന സിനിമയിലൂടെ സംവിധായകനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു മണിരത്‌നം.
‘ജോജു ജോര്‍ജ് ഗംഭീര പെര്‍ഫോമറാണ്. അയാളുടെ മലയാളസിനിമകളെല്ലാം ആസ്വദിച്ച് കണ്ടിരുന്നു. ആദ്യം കണ്ടപ്പോള്‍ ‘ആരെടാ ഇത്’ എന്ന് ചിന്തിച്ചു. ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ തന്നെ അയാള്‍ വന്നു. ചെറിയ വേഷമാണെങ്കിലും പവര്‍ഫുള്ളായ ഒന്നാണ്. സിനിമയോട് ഒരുപാട് പാഷനുള്ളയാളാണ് ജോജു. ഓരോ ഷോട്ട് എടുക്കുമ്പോഴും ഓക്കെയാണോ എന്ന് ചോദിച്ചുകൊണ്ടേയിരിക്കും. ഡബ്ബിങ്ങൊക്കെ ശരിയായോ എന്ന് അന്വേഷിക്കുമായിരുന്നു.
കഥാപാത്രത്തിന് വേണ്ടി ഒരുപാട് ഹോംവര്‍ക്ക് ചെയ്യാറുണ്ട്. ആ ക്യാരക്ടര്‍ എവിടെ നിന്ന് വരുന്നയാളാണ്, എങ്ങനെയുള്ളയാളാണ് എന്നൊക്കെ ചോദിച്ച് പെര്‍ഫോം ചെയ്യും. സംവിധായകനായിട്ടും അയാള്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആ സിനിമ റിലീസാകുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് കാണിച്ചു തന്നു. എന്താണോ പറയേണ്ടിയിരുന്നത് അത് ഞാന്‍ പറഞ്ഞിട്ടുണ്ട്,’ മണിരത്‌നം പറയുന്നു.
Content Highlight: Maniratnam saying Joju George is a brilliant performer