കൂടെ വർക്ക് ചെയ്തതിൽ അത്ഭുതപ്പെടുത്തുന്ന നടനാണ് അദ്ദേഹം; വളരെ മനോഹരമായി അഭിനയിക്കും: മണിരത്നം
Entertainment
കൂടെ വർക്ക് ചെയ്തതിൽ അത്ഭുതപ്പെടുത്തുന്ന നടനാണ് അദ്ദേഹം; വളരെ മനോഹരമായി അഭിനയിക്കും: മണിരത്നം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th June 2025, 10:27 am

ഇന്ത്യൻ സിനിമയിലെ സകലകലാവല്ലഭനാണ് കമൽ ഹാസൻ. ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന കമൽ 64 വർഷത്തെ സിനിമാജീവിതത്തിൽ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥ, നിർമാണം, ഗാനരചന, ഗായകൻ, മേക്കപ്പ് ആർട്ടിസ്റ്റ്, കൊറിയോഗ്രാഫർ തുടങ്ങി സകലമേഖലയിലും കമൽ ഹാസൻ തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.

കമൽ ഹാസനെ കുറിച്ച് സംസാരിക്കുകയാണ് മണിരത്നം. ഇരുവരും ഒന്നിച്ച ചിത്രങ്ങളിൽ മികച്ചതായിരുന്നു നായകൻ. നായകൻ എന്ന സിനിമയിലെ കമൽ ഹാസന്റെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്ന് മണിരത്നം പറയുന്നു. ചിത്രത്തിൽ കമൽ ആദ്യമായി ശരണ്യയുടെ കഥാപാത്രത്തെ കാണുന്ന സീൻ ഉണ്ടെന്നും അതിൽ കമലിന്റെ കഥാപാത്രത്തിന്റെ തിങ്കിങ് പ്രോസസ്സ് വരെ അദ്ദേഹം മനോഹരമായി ചെയ്തുവെന്നും മണിരത്നം പറഞ്ഞു.

‘നായകൻ എന്ന സിനിമയിൽ ഒരു സീൻ ഉണ്ട്. കമൽ ആദ്യമായി ശരണ്യയുടെ കഥാപാത്രത്തെ കാണുകയാണ്. റൂമിലേക്ക് വരുമ്പോൾ ആ പെൺകുട്ടി കൊതുകുവലയുടെ അപ്പുറം ഉണ്ടാകും. ആ കുട്ടി നാളെ കണക്ക് പരീക്ഷയാണ് എന്ന് പറയുന്നുണ്ട്. അത് കഴിഞ്ഞ് കമലിന്റെ ഒരു റിയാക്ഷൻ ഉണ്ട്. അദ്ദേഹം ഷർട്ട് പകുതി അഴിച്ചിട്ടുണ്ട്.

അടുത്ത് കസേരയും ബെഡുമുണ്ട്. എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിൽ നിൽക്കുകയാണ്. നിക്കണോ പോണോ എന്ന ചിന്ത മുഴുവൻ ആ സമയത്ത് നടക്കുകയാണ്. എന്താണ് ചിന്തിക്കുന്നതെന്ന് കാണികളെ മനസിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. വളരെ മനോഹരമായി കമൽ അത് ചെയ്തിട്ടുണ്ട്. ഞാൻ വർക്ക് ചെയ്തതിൽ അത്ഭുതപ്പെടുത്തുന്ന നടനാണ് അദ്ദേഹം,’ മണിരത്നം പറയുന്നു.

Content highlight: Manirathnam Talks About Kamal Haasan