ലാല്‍ സാറിനൊപ്പമുള്ളത് പോലെ മമ്മൂട്ടി സാറുമായി അത്തരം മുഹൂര്‍ത്തങ്ങള്‍ ഞാന്‍ ആഗ്രഹിച്ചു; അത് നടക്കുന്നില്ല: മണിക്കുട്ടന്‍
Entertainment
ലാല്‍ സാറിനൊപ്പമുള്ളത് പോലെ മമ്മൂട്ടി സാറുമായി അത്തരം മുഹൂര്‍ത്തങ്ങള്‍ ഞാന്‍ ആഗ്രഹിച്ചു; അത് നടക്കുന്നില്ല: മണിക്കുട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 9:05 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് മണിക്കുട്ടന്‍. 1999ല്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ 2004ല്‍ കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാകുന്നത്.

2005ല്‍ വിനയന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മണിക്കുട്ടന്‍ സിനിമയില്‍ നായകനായി എത്തുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സി.സി.എല്‍) കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ഭാഗമായിരുന്ന നടന്‍ 2021ല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മൂന്നാം സീസണിലും പങ്കെടുത്തിരുന്നു.

ഇപ്പോള്‍ ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍. തനിക്ക് സിനിമക്ക് പുറമെ ക്രിക്കറ്റിലൂടെയും ഷോകളിലൂടെയും മോഹന്‍ലാലുമായി നല്ല കുറേ മുഹൂര്‍ത്തങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ മമ്മൂട്ടിയുമായി അത്തരത്തില്‍ ഉണ്ടായില്ലെന്നുമാണ് മണിക്കുട്ടന്‍ പറയുന്നത്.

ബിഗ് ബോസ് നടക്കുന്ന സമയത്ത് ലാല്‍ സാര്‍ വരുന്നത് ശനിയാഴ്ച മാത്രമാണ്. അന്ന് ആകെയുള്ള പ്രതീക്ഷ സാറിനെ കാണാം എന്നതാണ്. അന്ന് അദ്ദേഹവുമായി വലിയ കമ്പനിയൊന്നുമില്ലായിരുന്നു. പക്ഷെ അദ്ദേഹത്തോടൊപ്പമുള്ള നല്ല മുഹൂര്‍ത്തങ്ങള്‍ എനിക്ക് പലപ്പോഴുമായി ലഭിച്ചിരുന്നു.

അറിയാതെയാണെങ്കിലും എന്നിലേക്ക് ലാല്‍ സാറുമായുള്ള പല മുഹൂര്‍ത്തങ്ങളും കടന്നു വന്നിട്ടുണ്ട്. അത് മനപൂര്‍വമാണോ അതോ ദൈവമായി കൊണ്ടുവന്നു തന്നതാണോയെന്ന് എനിക്ക് അറിയില്ല. പക്ഷെ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ എനിക്ക് ലഭിച്ചിരുന്നു.

എന്നാല്‍ മമ്മൂട്ടി സാറുമായി അത്തരത്തിലുള്ള മുഹൂര്‍ത്തങ്ങള്‍ എനിക്ക് ഉണ്ടായിട്ടില്ല. ഞാന്‍ അതിന് വേണ്ടി ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ നടക്കുന്നില്ല. അതേസമയം എനിക്ക് സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ മുഹൂര്‍ത്തങ്ങള്‍ കിട്ടിയത് ലാല്‍ സാറിന്റെ കൂടെയാണ്. വേറെയൊരു ആര്‍ട്ടിസ്റ്റുമായിട്ട് പോലുമില്ല.

ലാല്‍ സാറിനൊപ്പം ക്രിക്കറ്റും സ്റ്റേജ് ഷോയും സിനിമയും ചെയ്യാനായി. കൂടെ അഭിനയിച്ച മറ്റുള്ളവര്‍ ഒരു സിനിമ കഴിഞ്ഞാല്‍ പോകും. എന്നാല്‍ ലാല്‍ സാര്‍ അങ്ങനെയല്ല. സി.സി.എല്ലിലും അമ്മ ഷോയിലുമൊക്കെ സാറിന്റെ കൂടെയായിരുന്നു ഞാന്‍,’ മണിക്കുട്ടന്‍ പറയുന്നു.


Content Highlight: Manikuttan Talks About Mammootty And Mohanlal