മലയാള സിനിമയില്‍ ലാല്‍ സാറിനൊപ്പം നായികമാര്‍ക്ക് പോലും കിട്ടാത്ത സീന്‍ എനിക്ക് കിട്ടി: മണിക്കുട്ടന്‍
Entertainment
മലയാള സിനിമയില്‍ ലാല്‍ സാറിനൊപ്പം നായികമാര്‍ക്ക് പോലും കിട്ടാത്ത സീന്‍ എനിക്ക് കിട്ടി: മണിക്കുട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 10:56 pm

മലയാളികള്‍ ഏറെ ആഘോഷമാക്കിയ മോഹന്‍ലാല്‍ ചിത്രമാണ് ഛോട്ടാ മുംബൈ.  വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമ കഴിഞ്ഞ ദിവസം റീ-റിലീസ് ചെയ്യപ്പെടുകയും തിയേറ്ററുകളില്‍ വീണ്ടും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു.

ഛോട്ടാ മുംബൈയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു മണിക്കുട്ടന്‍ ചെയ്ത സൈനുവിന്റേത്. മോഹന്‍ലാലിന്റെ കൂടെ ബുള്ളറ്റില്‍ വരുന്നതായിരുന്നു ഇന്‍ട്രോ സീനായി നടന് ലഭിച്ചിരുന്നത്. ഇപ്പോള്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇന്‍ട്രോ സീനിനെ കുറിച്ച് പറയുകയാണ് മണിക്കുട്ടന്‍.

‘എന്നെ രാജു ചേട്ടനാണ് (മണിയന്‍പിള്ള രാജു) ഛോട്ടാ മുംബൈ സിനിമയിലേക്ക് ആദ്യമായി വിളിക്കുന്നത്. ആ സമയത്ത് എന്നോട് അദ്ദേഹം രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. ‘മണി, ഞാന്‍ ഛോട്ടാ മുംബൈ എന്ന ഒരു സിനിമ ചെയ്യാന്‍ പോകുന്നുണ്ട്. അതില്‍ നിനക്ക് ഒരു ക്യാരക്ടറുണ്ട്’ എന്ന് രാജു ചേട്ടന്‍ പറഞ്ഞു.

ഞാന്‍ വാര്‍ത്തകളിലൂടെ ഈ സിനിമയെ പറ്റി അറിഞ്ഞിരുന്നു. രാജമാണിക്യത്തിന് ശേഷം അന്‍വര്‍ റഷീദ് സാര്‍ ചെയ്യാന്‍ പോകുന്ന സിനിമയാണ് അത്. അപ്പോള്‍ ഞാന്‍ ‘താങ്ക്യു ചേട്ടാ. ഏതാണ് എന്റെ ക്യാരക്ടറെന്ന് ഞാന്‍ ചോദിക്കുന്നില്ല. എപ്പോഴാണ് എന്റെ ഡേറ്റ്’ എന്ന് മാത്രമാണ് ചോദിച്ചത്.

പക്ഷെ ചേട്ടന്‍ ആ കഥാപാത്രത്തെ കുറിച്ച് എനിക്ക് പറഞ്ഞു തന്നു. ‘സൈനു എന്നാണ് നിന്റെ കഥാപാത്രത്തിന്റെ പേര്. അയാളുടെ ഇന്‍ട്രോ സീനായി വരുന്നത്, ഒരു ഗര്‍ഭസ്ഥ ശിശുവിനെ അമ്മ കൊണ്ടുവരുന്നത് പോലെ ലാലേട്ടന്‍ ബുള്ളറ്റിന്റെ മേലെ ഇരുത്തിയിട്ട് കൊണ്ടുവരുന്നതാണ്’ എന്നാണ് രാജു ചേട്ടന്‍ പറഞ്ഞത്.

അദ്ദേഹം ബാക്കി പറയുന്നതിന് മുമ്പ് ഞാന്‍ ഇടയ്ക്ക് കയറി ‘ഇനി വേറെയൊന്നും പറയണ്ട. ഡേറ്റ് പറഞ്ഞാല്‍ മാത്രം മതി. ഞാന്‍ വന്നേക്കാം’ എന്ന് പറഞ്ഞു. എനിക്ക് തോന്നുന്നത് മലയാള സിനിമയില്‍ ലാല്‍ സാറിനൊപ്പം നായികമാര്‍ക്ക് പോലും അങ്ങനെയൊരു സീനോ ഇന്‍ട്രോയോ കിട്ടിയിട്ടുണ്ടാകില്ല (ചിരി). ആ ഭാഗ്യം വേറെ ആര്‍ക്കും കിട്ടിയിട്ടില്ല,’ മണിക്കുട്ടന്‍ പറഞ്ഞു.

ഛോട്ടാ മുംബൈ:

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായ ഈ ചിത്രം അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ എത്തുന്ന രണ്ടാമത്തെ സിനിമയായിരുന്നു.

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഛോട്ടാ മുംബൈ നിര്‍മിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു. മോഹന്‍ലാലിന് പുറമെ ഭാവന, സായ് കുമാര്‍, സിദ്ദിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, രാജന്‍ പി. ദേവ്, മണിക്കുട്ടന്‍ തുടങ്ങി വലിയ താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.


Content Highlight: Manikuttan Talks About His Intro Scene In Chotta Mumbai Movie With Mohanlal