അന്ന് ബസില്‍ ഏറ്റവും ബാക്ക് സീറ്റില്‍ ഇരുന്നവരാണ് ഞാനും ലാല്‍ സാറും; അവിടെ നിന്നും സൗഹൃദമുണ്ടായി: മണിക്കുട്ടന്‍
Entertainment
അന്ന് ബസില്‍ ഏറ്റവും ബാക്ക് സീറ്റില്‍ ഇരുന്നവരാണ് ഞാനും ലാല്‍ സാറും; അവിടെ നിന്നും സൗഹൃദമുണ്ടായി: മണിക്കുട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 5:29 pm

കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയ നടനാണ് മണിക്കുട്ടന്‍. 1999ല്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച അദ്ദേഹം 2004ലാണ് കായംകുളം കൊച്ചുണ്ണിയായി എത്തുന്നത്.

പിന്നീട് പ്രശസ്ത സംവിധായകന്‍ വിനയന്റെ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ നായകനായി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സി.സി.എല്‍) കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ഭാഗമാകാനും മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

ഇപ്പോള്‍ ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് മണിക്കുട്ടന്‍. ഒരുമിച്ച് സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അദ്ദേഹവുമായി സംസാരിക്കാറുണ്ടെങ്കിലും സി.സി.എല്‍ സമയത്താണ് പരസ്പരം സൗഹൃദമുണ്ടായത് എന്നാണ് നടന്‍ പറയുന്നത്.

‘ഒരുമിച്ച് സിനിമ ചെയ്യുന്ന സമയത്ത് ലാല്‍ സാര്‍ നമ്മളുമായി നന്നായി സംസാരിക്കാറുണ്ട്. പക്ഷെ ആ സമയത്ത് കൂടെ ഒരുപാട് ആളുകളുണ്ടാകുമല്ലോ. എന്നാല്‍ സി.സി.എല്‍ നടക്കുന്ന സമയത്ത് അങ്ങനെയല്ല. നമ്മുടെ ബസിനകത്ത് കുറച്ച് ആളുകളേ ഉണ്ടാകുള്ളൂ.

അന്ന് ബസില്‍ ഏറ്റവും ബാക്ക് സീറ്റില്‍ ഇരുന്ന ആളുകളാണ് ഞാനും ലാല്‍ സാറുമൊക്കെ. നമ്മള്‍ പിന്നില്‍ ഇരുന്നിട്ട് പാട്ടൊക്കെ പാടിയിട്ടാണ് പോയത്. സി.സി.എല്ലിന്റെ സമയത്താണ് ഞാന്‍ ലാല്‍ സാറുമായി സൗഹൃദം ഉണ്ടാക്കുന്നത്.

പക്ഷെ ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ ആരാധകനാണ്. അദ്ദേഹം എന്നോട് എത്രത്തോളം സ്‌നേഹം കാണിച്ചാലും ഞാന്‍ ആരാധന വിടാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കാരണം ഞാന്‍ എപ്പോഴും മോഹന്‍ലാല്‍ എന്ന നടന്റെ ആരാധകനായി തന്നെ നില്‍ക്കണമെന്ന് മനസറിഞ്ഞ് ആഗ്രഹിക്കുന്ന ആളാണ്,’ മണിക്കുട്ടന്‍ പറയുന്നു.


Content Highlight: Manikuttan Talks About Friendship With Mohanlal