എന്റെ ശരീരത്തില്‍ ഒരു തരത്തിലുള്ള വേദനയും ഉണ്ടാക്കാതെ ലാല്‍ സാര്‍ ആ സീന്‍ ചെയ്തു: മണിക്കുട്ടന്‍
Entertainment
എന്റെ ശരീരത്തില്‍ ഒരു തരത്തിലുള്ള വേദനയും ഉണ്ടാക്കാതെ ലാല്‍ സാര്‍ ആ സീന്‍ ചെയ്തു: മണിക്കുട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 4:51 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് മണിക്കുട്ടന്‍. 1999ല്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ കായംകുളം കൊച്ചുണ്ണി (2004) എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാകുന്നത്.

2005ല്‍ വിനയന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മണിക്കുട്ടന്‍ സിനിമയില്‍ നായകനായി എത്തുന്നത്. കരിയറില്‍ നിരവധി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മണിക്കുട്ടനെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത് ഛോട്ടാ മുംബൈയിലെ സൈനു എന്ന കഥാപാത്രമായിട്ടാണ്.

മോഹന്‍ലാലിന്റെ കൂടെ ബുള്ളറ്റില്‍ വരുന്നതായിരുന്നു ഇന്‍ട്രോ സീനായി നടന് ആ സിനിമയില്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇന്‍ട്രോ സീനിനെ കുറിച്ച് പറയുകയാണ് മണിക്കുട്ടന്‍.

‘മലയാള സിനിമയില്‍ നായികമാര്‍ക്ക് പോലും കിട്ടിയിട്ടില്ലാത്ത ഒരു ഇന്‍ട്രോയാണ് എനിക്ക് ലാല്‍ സാറിന്റെ കൂടെ ഛോട്ടാ മുംബൈ എന്ന സിനിമയില്‍ ലഭിച്ചത്. അദ്ദേഹത്തെ പോലെ ഒരു ആക്ടറിന് മാത്രമേ അങ്ങനെയൊക്കെ ചെയ്യാനാകുള്ളൂ. ആ ഇന്‍ട്രോ സീന്‍ ചെയ്യാന്‍ ശരിക്കും വലിയ ബുദ്ധിമുട്ടാണ്.

ഞാന്‍ നല്ല സൈസുള്ള ഒരാളാണല്ലോ. ഒരു പഴയ ബുള്ളറ്റില്‍ എന്നെയും മുന്നില്‍ ഇരുത്തിയിട്ടാണ് ലാല്‍ സാര്‍ വരുന്നത്. ആ പഴയ ബുള്ളറ്റ് ഓടിക്കാന്‍ തന്നെ നല്ല ബുദ്ധിമുട്ടാണ്. അതിന്റെ മുന്നില്‍ എന്നെ ഇരുത്തണം, പിന്നില്‍ ബിജു കുട്ടന്‍ എഴുന്നേറ്റ് നിന്നിട്ടാണ് വരുന്നത്.

ആ സമയത്ത് ബുള്ളറ്റ് ബാലന്‍സ് ചെയ്ത് നിര്‍ത്തുക എന്നത് വലിയ പ്രയാസമാണ്. അതുമാത്രമല്ല, ആ ബുള്ളറ്റ് നിര്‍ത്തിയ ശേഷം എന്നെ തിരിച്ച് ഇരുത്തുന്ന ഒരു സീനുണ്ടായിരുന്നു. ‘ആരാടാ ഇവനെ അടിച്ചത്’ എന്ന് ചോദിക്കുന്ന സീനാണ് അത്.

ആ സീനിനെ കുറിച്ച് ലാല്‍ സാര്‍ തന്നെയാണ് എനിക്ക് പറഞ്ഞു തരുന്നത്. പിന്നിലേക്ക് നോക്കി ഇരുന്നയിടത്ത് നിന്ന് പെട്ടെന്ന് തിരിയുന്നത് എളുപ്പമല്ല. നല്ല പ്രയാസമാണ് ചെയ്യാന്‍. ഒരു പ്രോപ്പര്‍ട്ടി തിരിക്കുന്നത് പോലെയാണ് അദ്ദേഹം എന്നെ ബൈക്കില്‍ നിന്ന് തിരിച്ച് ഇരുത്തിയത്.

ആ സീന്‍ ചെയ്യും മുമ്പ് ‘സാറേ എനിക്ക് തിരിയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അങ്ങനെ ചെയ്യാന്‍ ആകുമോയെന്ന് അറിയില്ല’ എന്ന് ഞാന്‍ പറഞ്ഞു. ‘നീ ഇരുന്നാല്‍ മാത്രം മതിയെടാ. ഞാന്‍ നിന്നെ തിരിച്ചു തരാം’ എന്നായിരുന്നു ലാല്‍ സാറിന്റെ മറുപടി.

എന്നിട്ട് സീന്‍ ചെയ്യുമ്പോള്‍ അദ്ദേഹം വളരെ എളുപ്പത്തില്‍ എന്നെ തിരിച്ചിരുത്തി. എന്റെ ശരീരത്തില്‍ ഒരു തരത്തിലുള്ള വേദന പോലും ഉണ്ടാക്കാതെയാണ് സാര്‍ എന്നെ തിരിച്ച് ഇരുത്തിയത്. അതൊക്കെ എങ്ങനെയാണ് ലാല്‍ സാര്‍ ചെയ്യുന്നതെന്ന് അറിയില്ല,’ മണിക്കുട്ടന്‍ പറയുന്നു.


Content Highlight: Manikuttan Talks About Chotta Mumbai Intro Scene And Mohanlal