അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ റിലീസ് ചെയ്ത വലിയ വിജയമായി മാറിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ഛോട്ടാമുബൈ. ഇന്നലെയാണ് സിനിമ തിയേറ്ററുകളില്‍ റീ റിലീസ് ചെയ്തത്. ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. സിനിമയില്‍ മണികുട്ടനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത്.
ഇപ്പോള്‍ സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മണികുട്ടന്‍. ചെട്ടികുളങ്ങര എന്ന പാട്ടിന്റെ ഷൂട്ടിന്റെ സമയത്ത് മോഹന്‍ലാലിന്റെ അച്ഛന്‍ സുഖമില്ലാതെ സീരിയസായി ആശുപത്രിയാലായിരുന്നുവെന്നും അദ്ദേഹത്തിന് പെട്ടന്ന് പോകേണ്ടിയിരുന്നുവെന്നും മണികുട്ടന്‍ പറയുന്നു. ക്ലൈമാക്‌സും ഈ ഗാനവും ഷൂട്ട് ചെയ്ത് മോഹന്‍ലാലിന് പെട്ടന്ന് പോകേണ്ടിയിരുന്നെന്നും തങ്ങളോട് പെട്ടന്ന് ഷൂ്ട്ട് എടുക്കാന്‍ വേണ്ടി വരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും മണികുട്ടന്‍ പറഞ്ഞു.
മോഹന്‍ലാല്‍ പെട്ടന്ന് തന്നെ എത്തിയെന്നും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സില്‍ ഒരു ഉറക്കക്ഷീണമോ, മറ്റൊരു വിഷമമോ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വ്യക്തിയെന്ന നിലയിലും ആര്‍ട്ടിസ്റ്റ് എന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ താന്‍ പഠിച്ചുവെന്നും മണികുട്ടന്‍ പറഞ്ഞു. സില്ലി മോങ്ക്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചെട്ടിക്കുളങ്ങര സോങ് എടുക്കുന്ന സമയത്ത്, ലാല്‍ സാറിന്റെ അച്ഛന്‍ വളരെ സീരിയസായി ഹോസ്പിറ്റലില്‍ ആയിരുന്നു. തലേ ദിവസം വൈകുന്നേരം നാല് മണിക്ക് ഷൂട്ട് തുടങ്ങി, രാവിലെ ആറ് മണിക്കാണ് ഷൂട്ട് തീരുന്നത്. അതിങ്ങനെ 10 ദിവസമായിട്ട് ക്ലൈമാക്‌സ് സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. അന്ന് ക്ലൈമാക്‌സ് എടുത്തുകഴിഞ്ഞിട്ട് പെട്ടന്ന് തന്നെ ഈ പാട്ടും ചെയ്തിട്ട് സാറിന് പോകണം. പിന്നീട് ഞങ്ങളുടെ എല്ലാവരുടെ അടുത്തും അദ്ദേഹം മൈക്കില്‍ കൂടെ റിക്വസ്റ്റ് ചെയ്തു, എനിക്ക് ഇങ്ങനെ ആവശ്യമായിട്ട് പോകണം എന്ന്. എല്ലാവരും പെട്ടന്ന് ബെഡ് റൂമില്‍ പോയിട്ട് തിരിച്ച് വരണം എന്ന് പറഞ്ഞു.
ഞങ്ങളൊരു ഏഴര എട്ട് ആയപ്പോള്‍ എത്തി. സാറ് അതിന് മുമ്പ് അവിടെ എത്തി. എന്നിട്ട് നമ്മള്‍ ഒരു പതിനൊന്നരവരയാണ് ആ പാട്ട് എടുത്തത്. പക്ഷേ നമ്മള്‍ ആ പാട്ട് കാണുമ്പോള്‍ എവിടെയെങ്കിലും ഒരു ഉറക്ക ക്ഷീണമോ, അല്ലെങ്കില്‍ ഒരു വിഷമത്തില്‍ നില്‍ക്കുകയാണെന്ന് തോന്നിയിരുന്നോ. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തരുന്ന സംഭവങ്ങളോട് എത്ര ഡെഡിക്കേറ്റഡായിരിക്കണം, നമ്മളെ വിശ്വസിച്ചാണ് പ്രൊഡ്യൂസര്‍ ഇത് ചെയ്യുന്നത്, ഈ ക്രൂ ഇവിടെ നില്‍ക്കുന്നത് മുതലായ കാര്യങ്ങള്‍ ഒരു വ്യക്തിയെന്ന രീതിയില്‍ ലാല്‍ സാറില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞു. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ സിനിമയോടുള്ള സമീപനവും പഠിക്കാന്‍ കഴിഞ്ഞു,’ മണികുട്ടന്‍ പറയുന്നു.
Content highlight: Manikuttan about Mohanlal and Chotta mumbai movie