ഇതെന്താ അങ്ങാടിയില്‍ കിട്ടുന്ന വല്ല സാധനവുമാണോ; അതൊക്കെ എക്‌സ്‌പെന്‍സീവ് പരിപാടിയാണ്: കാര്‍ കളക്ഷനെ കുറിച്ച് മമ്മൂട്ടി
Entertainment news
ഇതെന്താ അങ്ങാടിയില്‍ കിട്ടുന്ന വല്ല സാധനവുമാണോ; അതൊക്കെ എക്‌സ്‌പെന്‍സീവ് പരിപാടിയാണ്: കാര്‍ കളക്ഷനെ കുറിച്ച് മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th October 2022, 10:17 am

മമ്മൂട്ടിയുടേതായാലും മകന്‍ ദുല്‍ഖറിന്റേതായാലും ഡ്രൈവിങ്ങിനോടുള്ള ക്രേസ് എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇരുവരും പുതിയ കാറുകള്‍ വാങ്ങിക്കുമ്പോഴും അത് ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ കാര്‍ കളക്ഷനുകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ തനിക്ക് കാര്‍ കളക്ഷനൊന്നുമില്ലെന്നും അത് വളരെ എക്‌സ്‌പെന്‍സീവായ പരിപാടിയാണെന്നും പുതിയ കാറുകള്‍ വാങ്ങിക്കുമ്പോള്‍ പഴയ കാറുകള്‍ അതിനനുസരിച്ച് വില്‍ക്കാറുമുണ്ടെന്ന് പറയുകയാണ് മമ്മൂട്ടി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ കളക്ഷനെ കുറിച്ച് ചോദിച്ച അവതാരകന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

”കാര്‍ കളക്ഷനോ. കാര്‍ എന്താ അങ്ങാടിയില്‍ കിട്ടുന്ന വല്ല സാധനവുമാണോ. കാറൊക്കെ ഭയങ്കര എക്‌സ്‌പെന്‍സീവ് പരിപാടിയാണ്. കാറുകളും ക്യാമറയുമൊന്നും ഞാന്‍ അങ്ങനെ കളക്ട് ചെയ്യാറില്ല.

ഒരു ക്യാമറ പഴയതാകുമ്പോള്‍ അത് ആര്‍ക്കെങ്കിലും കൊടുത്ത ശേഷം ഒരു പുതിയ ക്യാമറ വാങ്ങിക്കും. അത്രയേ ഉള്ളൂ. കാറുകളും അങ്ങനെ തന്നെയാണ്.

ഞാന്‍ വാങ്ങിയ ആദ്യത്തെ കാറുകളൊന്നും ഇപ്പോള്‍ എന്റെ കയ്യിലിരിപ്പില്ല. കാര്‍ കളക്ഷനൊക്കെ വെറുതെയാണ്.

പുതിയ കാറുകള്‍ ഞാന്‍ വാങ്ങിക്കും. അതും പഴയ കാറ് വിറ്റിട്ട്. അല്ലെങ്കില്‍ തന്നെ എന്തിനാണ് ഇത്രയുമധികം കാറ് വാങ്ങിക്കുന്നത്,” മമ്മൂട്ടി പറഞ്ഞു.

നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കാണ് മമ്മൂട്ടിയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ബോക്‌സോഫീസില്‍ ഇതിനോടകം വമ്പന്‍ ഹിറ്റായി മാറിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, ജിയോ ബേബി ചിത്രം കാതല്‍ എന്നിവയാണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷവെക്കുന്ന അപ്കമിങ് മമ്മൂട്ടി ചിത്രങ്ങള്‍.

Content Highlight: Mammootty talks about his car and camera collection