'വിജയ് മാമാ.. ഹായ്, ഞാന്‍ റിഷി,'; ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ വീഡിയോയിലെ വിജയ് മാമനെ തപ്പി സോഷ്യല്‍ മീഡിയ
World News
'വിജയ് മാമാ.. ഹായ്, ഞാന്‍ റിഷി,'; ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ വീഡിയോയിലെ വിജയ് മാമനെ തപ്പി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th October 2022, 7:31 pm

ലണ്ടന്‍: ബിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ ഒരു സെല്‍ഫി വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി ഷെഫ് സഞ്ജയ് റെയ്ന റിഷി സുനകിനൊപ്പമെടുത്ത സെല്‍ഫി വീഡിയോയില്‍ ഒരാളെ ‘വിജയ് മാമാ’ എന്ന് വിളിച്ചതാണ് ഇന്ത്യയിലെ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ കൗതുകമുയര്‍ത്തിയിരിക്കുന്നത്.

റിഷി സുനകിനോടൊപ്പമുള്ള സെല്‍ഫി വീഡിയോ ട്വിറ്ററില്‍ ‘വിസ ഓണ്‍ അറൈവല്‍ പക്കാ’ എന്ന ക്യാപ്ഷനോടെയാണ് സഞ്ജയ് റെയ്ന പങ്കുവെച്ചിരിക്കുന്നത്.

‘മാമാ..നിങ്ങളോട് ഹലോ പറയാന്‍ ഒരാള്‍ എന്റെ കൂടെയുണ്ട്’ എന്ന് പറഞ്ഞുകൊണ്ട് സഞ്ജയ് റെയ്ന ക്യാമറ പാന്‍ ചെയ്യുന്നു.
ഫ്രെയ്മില്‍ റിഷി സുനക് വരുന്നു. ‘ഹലോ വിജയ് മാമ, ഹായ് ഞാന്‍ റിഷി, സുഖമാണോ നിങ്ങള്‍ക്ക്, ഇന്ന് 10 ഡൗണിങ് സ്ട്രീറ്റിലേക്ക് വരണം. എന്നെ കാണാന്‍ മാമന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെയെത്തുമ്പോള്‍ നിങ്ങളുടെ മരുമകനായ സഞ്ജയ്‌യോട് അവിടെ എത്തിക്കാന്‍ പറയൂ’ എന്നാണ് റിഷി സുനക് വിജയ് മാമനോട് വീഡിയോയില്‍ പറയുന്നത്.

വീഡിയോക്ക് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

വീഡിയോയില്‍ പറയുന്ന വിജയ് മാമ ആരെന്നറിയാനുള്ള ആകാംക്ഷയിലാണ് ആളുകള്‍. വിജയ് മല്ല്യയാണോ വിജയ് മാമ എന്നു ചോദിച്ചും കമന്റുകള്‍ എത്തി. റിഷി സുനകിന്റെ എളിമയെ പ്രകീര്‍ത്തിച്ചും കമന്റുകളെത്തി. ‘തീര്‍ച്ചയായും’ എളിമയുള്ളയാളെന്ന് സെലിബ്രിറ്റി ഷെഫ് മറുപടി നല്‍കി.

ഇന്ത്യയില്‍ നിന്ന് ലോണെടുത്ത് മുങ്ങി ബ്രിട്ടനില്‍ അഭയം തേടിയിരിക്കുന്ന വിജയ് മല്ല്യയാണ് കക്ഷിയെന്ന് ചിലര്‍ ട്രോളുന്നുണ്ട്. അമിതാഭ് ബച്ചന്റെ ഹിറ്റ് കഥാപാത്രങ്ങളുടെ പേരാണ് വിജയ് എന്നതിനാല്‍ ബിഗ് ബിയാണ് മാമയെന്ന് ചിലര്‍ കമന്റുകളില്‍ പറയുന്നുണ്ട്.

Content Highlight: On Rishi Sunak Video clip with chef Sanjay Raina, Social media asks: ‘Who is Vijay Mama?’