പ്രണയത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഇതാണ്: മമ്മൂട്ടി
Entertainment
പ്രണയത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഇതാണ്: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd November 2023, 9:41 am

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമാണ് കാതൽ ദി കോർ. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം ജ്യോതികയാണ്. ഏറെ നാളുകൾക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കാതൽ.

എന്നും പരീക്ഷണ കഥാപാത്രങ്ങൾ ഏറ്റെടുക്കുന്ന നടനാണ് മമ്മൂട്ടി. ആ കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് കാതലിലെ കഥാപാത്രവും. കാതൽ എന്ന വാക്ക് പ്രണയത്തെയും സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ഭാര്യ ഭർത്താക്കൻമാരായാണ് മമ്മൂട്ടിയും ജ്യോതികയും എത്തുന്നത്.

പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പറയുകയാണ് മമ്മൂട്ടി. പ്രണയത്തിനും സ്നേഹത്തിനും കാലമൊന്നും ഇല്ലെന്നും മനുഷ്യർ പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതാണ് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രണയത്തിനും സ്നേഹത്തിനും കാലമൊന്നുമില്ല. കല്യാണത്തിനു മുമ്പും പ്രേമിക്കാം കല്യാണത്തിന് ശേഷവും പ്രേമിക്കാം. ഒരാളെ തന്നെ പ്രേമിക്കണമെന്നേ ഉള്ളൂ. മനുഷ്യർ പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

പ്രണയിക്കുന്ന ആൾ നമ്മുടെ ഇണയാണ്. ഇണായെന്ന് പറഞ്ഞാൽ തന്നെ എല്ലാ തരത്തിലും തുല്യമാവും. രണ്ട് പേരും ഇണകളാണ്, അതാണ്‌ ശെരിക്കും സ്ത്രീ പുരുഷ ബന്ധം. ഇണയും പരസ്പരം തുണയുമാണ്,’മമ്മൂട്ടി പറയുന്നു.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കാതൽ ദി കോർ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ. തോമസാണ് നിര്‍വഹിക്കുന്നത്.

Content Highlight: Mammootty Talk About Love