ഫലസ്തീന്‍ - അമേരിക്കന്‍ വംശജ റാഷിദ ത്ലൈബിയെ പരാജയപ്പെടുത്താന്‍ പ്രമുഖ നടന് 20 മില്യണ്‍ ഡോളര്‍ വാഗ്ദാനം നൽകി മിഷിഗണ്‍ നേതാവ്
World News
ഫലസ്തീന്‍ - അമേരിക്കന്‍ വംശജ റാഷിദ ത്ലൈബിയെ പരാജയപ്പെടുത്താന്‍ പ്രമുഖ നടന് 20 മില്യണ്‍ ഡോളര്‍ വാഗ്ദാനം നൽകി മിഷിഗണ്‍ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd November 2023, 9:25 am

ന്യൂയോര്‍ക്ക്: ഫലസ്തീന്‍- അമേരിക്കന്‍ വംശജയായ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് നേതാവായ റാഷിദ ത്ലൈബിക്കെതിരെ മത്സരിക്കുന്നതിനായി പ്രമുഖ നടന് 20 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് മിഷിഗണ്‍ നേതാവ്. അമേരിക്കയില്‍ രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുന്നതിനായി അടുത്ത കാലങ്ങളില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച പ്രമുഖ നടനായ ഹില്‍ ഹാര്‍പ്പറിനാണ് മിഷിഗണ്‍ നേതാവ് ഡോളര്‍ വാഗ്ദാനം ചെയ്തത്.

ഇസ്രഈല്‍ അനുകൂല ഗ്രൂപ്പുകളുമായി ബന്ധമുള്ള വ്യവസായി, സെനറ്റ് സ്ഥാനാര്‍ത്ഥി റാഷിദ ത്ലൈബിയെ പരാജയപ്പെടുത്താന്‍ നടത്തിയ ശ്രമത്തില്‍ ഇസ്രഈലി ലോബികള്‍ യു.എസ് രാഷ്ട്രീയത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.

റാഷിദക്കെതിരെ മത്സരിച്ചാല്‍ 20 മില്യണ്‍ ഡോളര്‍ നല്‍കാമെന്ന് എ.ഐ.പി.എയിലെ ഏറ്റവും സമ്പന്നനായ ലിന്‍ഡന്‍ നെല്‍സണ്‍ വാഗ്ദാനം ചെയ്തുവെന്ന് ഹില്‍ ഹാര്‍പ്പര്‍ എക്‌സില്‍ കുറിച്ചു. എന്നാല്‍ വാഗ്ദാനം താന്‍ നിരസിച്ചെന്നും വ്യക്തിപരമായ താത്പര്യങ്ങളെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിലെ ഒരേയൊരു ഫലസ്തീനിയന്‍ – അമേരിക്കന്‍ വംശജക്കെതിരെ താന്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹില്‍ ഹാര്‍പ്പര്‍ പറഞ്ഞു.

തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 10 മില്യണും റാഷിദക്കെതിരെ മത്സരിച്ചാല്‍ മറ്റൊരു 10 മില്യണും നല്‍കുമെന്ന് ലിന്‍ഡന്‍ നെല്‍സണ്‍ വാഗ്ദാനം ചെയ്തുവെന്ന് ഹില്‍ ഹാര്‍പ്പര്‍ പറഞ്ഞു. താന്‍ വിജയകരമായ അഭിനയ ജീവിതം നയിച്ചിരുന്നെന്നും രാഷ്ട്രീയക്കാരനാകണമെന്ന് ആഗ്രഹിച്ച് ജീവിച്ച വ്യക്തിയല്ലെന്നും ഹില്‍ ഹാര്‍പ്പര്‍ ചൂണ്ടിക്കാട്ടി.

അതേസമയം മിഷിഗണ്‍ ഓപ്പണ്‍ സീറ്റിനായി ശ്രമം നടത്തിയിരുന്ന ഹില്‍ ഹാര്‍പ്പര്‍ ഇസ്രഈല്‍ ലോബിയുടെയും എന്‍.ആര്‍.എയുടെയും ബിഗ് ഫാര്‍മയുടെയും രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാനായാണ് താന്‍ രാഷ്ട്രീയ പ്രവേശനം ആഗ്രഹിച്ചതെന്നും വ്യക്തമാക്കി.

സെനറ്റ് സീറ്റിലേക്ക് മത്സരിക്കുന്നതിനായി ദി ഗുഡ് ഡോക്ടര്‍ എന്ന ടി.വി പരമ്പരയിലെ വേഷം ഉപേക്ഷിച്ചെത്തിയ ഹാര്‍പ്പര്‍ ഈ വാഗ്ദാനം വന്നതോടെ തന്റെ രാഷ്ട്രീയ പ്രവേശനം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രഈല്‍ അനുകൂല ലോബിയിംങ് ഗ്രൂപ്പായ അമേരിക്കന്‍ ഇസ്രഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിയുമായി (ഐപാക്ക്) ബന്ധമുള്ള വ്യക്തിയാണ് ലിന്‍ഡന്‍ നെല്‍സണ്‍. കൂടാതെ മുന്‍കാലങ്ങളില്‍ ത്ലൈബിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനുള്ള പ്രചാരണങ്ങള്‍ നെല്‍സന്‍ നടത്തിയിരുന്നു.

ഇസ്രാഈലിനെ ശക്തമായി വിമര്‍ശിക്കുന്ന വ്യക്തിയായാണ് ത്ലൈബി. ഐപാക്കില്‍ നിന്ന് നിരന്തരമായി അവര്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളില്‍ ഒരാളാണ് റാഷിദ ത്‌ലൈബി.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രഈലിന് നിരുപാധികമായ സൈനിക പിന്തുണ നല്‍കിക്കൊണ്ട് ഫലസ്തീന്‍ ജനതയെ വംശഹത്യ നടത്താന്‍ സഹായിക്കുന്നതിനെതിരെ റാഷിദ ത്ലൈബി സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു.

Content Highlight: Michigan Leaders to Defeat Palestinian-American Senate Candidate Rashida Tlaibi