എഡിറ്ററായി കരിയർ ആരംഭിച്ച് പിന്നീട് മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായി മാറിയ വ്യക്തിയാണ് മഹേഷ് നാരായണൻ. ഒപ്പം സിനിമ നിർമാണത്തിലും കൈ വെച്ചിട്ടുണ്ട്.
എഡിറ്ററായി കരിയർ ആരംഭിച്ച് പിന്നീട് മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായി മാറിയ വ്യക്തിയാണ് മഹേഷ് നാരായണൻ. ഒപ്പം സിനിമ നിർമാണത്തിലും കൈ വെച്ചിട്ടുണ്ട്.
അർജുൻ അശോകൻ പ്രധാനകഥാപാത്രമായി എത്തിയ തലവരയാണ് അദ്ദേഹം നിർമിച്ചത്. മമ്മൂട്ടി- മോഹൻലാൽ ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രം. ഇപ്പോൾ ദേശീയ പുരസ്കാരത്തെത്തുടർന്നുണ്ടായ വിവാദത്തെക്കുറിച്ചും തന്റെ സിനിമകളുടെ സ്വഭാവത്തെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
‘അവാർഡ് എന്നത് ഒരു കമ്മിറ്റി തീരുമാനിക്കുന്നതാണ്. ആ കമ്മിറ്റിയിലെ ആളുകളുടെ ടേസ്റ്റ് അനുസരിച്ചായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളും. അവരുടെ രാഷ്ട്രീയമൊക്കെ അതിൽ വരും. അതിനെതിരേ നമ്മൾ സംസാരിക്കുന്നതിൽ കാര്യമില്ല.

ഒരു പ്രത്യേക ഭരണകൂടം നമ്മളെ ഭരിക്കുമ്പോൾ അവരുടേതായ തീരുമാനങ്ങളും അജണ്ടകളും എല്ലാ മേഖലയിലും വരാം. അവാർഡല്ല ഇനിയുള്ള കാലത്ത് ഒരു സിനിമയുടെ മൂല്യം നിർണയിക്കുന്നതെന്നാണ് എന്റെ വിശ്വാസം. നമ്മുടെ പ്രേക്ഷകർ ആരാണെന്നറിഞ്ഞ് അവർക്കുവേണ്ടി സിനിമ നിർമിക്കുകയാണുവേണ്ടത്. നമ്മുടെ സിനിമ അവരിലേക്ക് എത്തുന്നുണ്ടോ എന്നറിഞ്ഞാൽ മതി,’ മഹേഷ് നാരായണൻ പറയുന്നു.
താൻ ചെയ്യുന്ന സിനിമകളുടെ സ്വഭാവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
താൻ ചെയ്യുന്ന സിനിമകളെല്ലാം തന്നെ സ്പർശിച്ച ഒരു സംഭവമോ കഥയോ അനുഭവമോ ആയി ബന്ധപ്പെട്ടവയാണെന്നും കാതലുള്ള സിനിമകൾ ചെയ്യണമെന്നും അത്തരം സിനിമകൾ ഉണ്ടാവണമെന്നുള്ള ആഗ്രഹത്തിൽ നിന്നാണ് അത് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമകൾ തമ്മിൽ സാമ്യം തോന്നരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും ടേക്ക് ഓഫ് പോലെയല്ല മാലിക്ക് എന്ന സിനിമയെന്നും മഹേഷ് നാരായണൻ പറയുന്നു.
അറിയിപ്പ് എന്ന സിനിമ അക്കാദമിക് താത്പര്യത്തിൽ ചെയ്ത സിനിമയാണെന്നും മോഹൻലാലും മമ്മൂട്ടിയും വേഷമിടുന്ന ചിത്രം വലിയ ഓഡിയൻസിനെ പ്രതീക്ഷിക്കുന്ന ബിഗ്ബജറ്റ് കൊമേഴ്‌സ്യൽ സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാലും ആ ചിത്രത്തിലും തന്റെ ഐഡന്റിറ്റി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് മഹേഷ് നാരായണൻ ഇക്കാര്യം സംസാരിച്ചത്.
Content Highlight: Mammootty-Mohanlal film is a Big budget commercial, says Mahesh Narayanan