മോഹന്‍ലാലും മമ്മൂട്ടിയും മുതല്‍ ടൊവിനോ വരെ, തലൈവര്‍ക്കും ഉലക നായകനും വില്ലനാകുന്നത് ആരാകുമെന്ന് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
Indian Cinema
മോഹന്‍ലാലും മമ്മൂട്ടിയും മുതല്‍ ടൊവിനോ വരെ, തലൈവര്‍ക്കും ഉലക നായകനും വില്ലനാകുന്നത് ആരാകുമെന്ന് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Saturday, 21st February 2026, 8:57 pm

സിനിമാപ്രേമികളുടെ ചര്‍ച്ച മുഴുവന്‍ രജിനിയും കമല്‍ ഹാസനുമൊന്നിക്കുന്ന ചിത്രത്തെക്കുറിച്ചാണ്. സ്റ്റൈല്‍ മന്നനും ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് ഇന്ന് പുറത്തുവിട്ടിരുന്നു. നെല്‍സന്റെ ട്രേഡ് മാര്‍ക്ക് സ്റ്റൈലിലൊരുക്കിയ പ്രൊമോയില്‍ രണ്ട് താരങ്ങളും കട്ടക്ക് നിന്ന് സ്‌കോര്‍ ചെയ്‌തെന്നാണ് ആരാധകരുടെ വാദം.

KH RK Reunion Photo: Screen grab/ Red Giant Movies

47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജിനിയും കമലും ഒന്നിക്കുന്നത്. രണ്ടുപേരുടെയും മാക്‌സിമം പൊട്ടന്‍ഷ്യല്‍ പുറത്തെടുക്കുന്ന ചിത്രമാകും ഇതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഈ വര്‍ഷം ജൂലൈയിലോ ഓഗസ്റ്റിലോ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന തലൈവര്‍ 173യുടെ ഷൂട്ട് പൂര്‍ത്തിയായ ശേഷമായിരിക്കും രജിനി- കമല്‍ റീയൂണിയന്‍ ആരംഭിക്കുക.

ചിത്രത്തില്‍ വില്ലനായി വേഷമിടുന്നത് ആരായിരിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. നായകനൊപ്പം ഈക്വലായി സ്‌കോര്‍ ചെയ്യുന്ന വില്ലന്മാരാണ് നെല്‍സണ്‍ സംവിധാനം ചെയ്ത സിനിമകളിലെല്ലാം. ഈ പ്രൊജക്ടിലും ആര് വില്ലന്‍ വേഷം ചെയ്യുമെന്ന ചര്‍ച്ചകള്‍ ഇതിനോടകം ചൂടുപിടിച്ചുകഴിഞ്ഞു. മലയാളത്തിലെ പല സൂപ്പര്‍താരങ്ങളുടെയും പേര് ലിസ്റ്റില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരിക്കും വില്ലനായെത്തുക എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ദളപതിക്ക് ശേഷം മമ്മൂട്ടി- രജിനി കോമ്പോ ഒന്നിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ജയിലറില്‍ വര്‍മന്‍ എന്ന കഥാപാത്രമായി നെല്‍സണ്‍ ആദ്യം മനസില്‍ ഉദ്ദേശിച്ചത് മമ്മൂട്ടിയെയായിരുന്നു. ഇപ്പോള്‍ വീണ്ടും നെല്‍സന്റെ സിനിമയില്‍ വില്ലനായി മമ്മൂട്ടിയുടെ പേര് ഉയര്‍ന്നുകേള്‍ക്കുകയാണ്.

ജയിലറില്‍ മാത്യു എന്ന കഥാപാത്രമായി ഞെട്ടിച്ച മോഹന്‍ലാല്‍ രജിനിക്കും കമലിനും വില്ലനായെത്തിയാല്‍ ആരാധകര്‍ക്ക് ഡബിള്‍ ട്രീറ്റായിരിക്കുമെന്ന് ഉറപ്പാണ്. മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ റീച്ച് ലഭിച്ച ടൊവിനോയുടെ പേരും ലിസ്റ്റിലുണ്ട്. തമിഴിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ വില്ലനായി ടൊവിനോ ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നുണ്ട്.

രജിനിക്കും കമല്‍ ഹാസനും പുറമെ പാന്‍ ഇന്ത്യന്‍ താരങ്ങളും ഈ പ്രൊജക്ടില്‍ അണിനിരന്നേക്കും. ജയിലര്‍ 2ന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ബോക്‌സ് ഓഫീസിലെ പല കളക്ഷന്‍ റെക്കോഡുകളും തിരുത്തിക്കുറിക്കുമെന്ന് ഇപ്പോള്‍ തന്നെ ഉറപ്പായിരിക്കുകയാണ്. ഇരുവരുടെയും റിട്ടയര്‍മെന്റ് ഈയൊരു ചിത്രത്തോടെയാകുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Mammootty Mohanlal and Tovino’s name in discussion for villain role in KH RK reunion

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം