71ാം വയസിലും ഒരൊറ്റ പോസ്റ്റര്‍ കൊണ്ട് തരംഗം സൃഷ്ടിക്കുന്ന മമ്മൂട്ടി; പ്രമേയത്തില്‍ മാത്രമല്ല നേട്ടത്തിലും വ്യത്യസ്തമാണ് 2022ലെ മമ്മൂട്ടി ചിത്രങ്ങള്‍
Entertainment
71ാം വയസിലും ഒരൊറ്റ പോസ്റ്റര്‍ കൊണ്ട് തരംഗം സൃഷ്ടിക്കുന്ന മമ്മൂട്ടി; പ്രമേയത്തില്‍ മാത്രമല്ല നേട്ടത്തിലും വ്യത്യസ്തമാണ് 2022ലെ മമ്മൂട്ടി ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th October 2022, 6:38 pm

ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാതലിന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ഒരിക്കല്‍ കൂടി സിനിമാലോകം മമ്മൂട്ടിക്ക് ചുറ്റും കറങ്ങുകയാണ്. മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ചൊവ്വാഴ്ചയായിരുന്നു പുറത്തുവന്നത്.

സിനിമയോടും അഭിനയത്തോടുമുള്ള മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനിവേശത്തെയും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനത്തെയും അഭിനന്ദിച്ചുകൊണ്ടാണ് പലരും കാതലിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

തന്റെ 71ാം വയസിലും ഒരൊറ്റ പോസ്റ്റര്‍ കൊണ്ട് സിനിമാലോകത്തെയും ആരാധകരെയും സോഷ്യല്‍ മീഡിയയെയുമെല്ലാം ഇളക്കിമറിക്കാന്‍ മമ്മൂട്ടിക്കാകുന്നുണ്ട്. പാഷനോടൊപ്പം സിനിമയോടുള്ള അര്‍പ്പണബോധവും  എപ്പോഴും അപ്‌ഡേറ്റാഡാകുന്ന മമ്മൂട്ടിയുടെ ശീലവുമാണ് ഇതിന് കാരണമെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഓരോ സിനിമയുടെ പോസ്റ്റര്‍ വരുമ്പോഴും ഈ മനുഷ്യന്‍ ഇതെന്ത് ഭാവിച്ചാണ് എന്ന് ആളുകളെ കൊണ്ട് ചിന്തിപ്പിക്കുന്ന നടന്‍, എന്നായിരുന്നു കാതലിന്റെ പോസ്റ്ററിന് ആവര്‍ത്തിച്ചു വന്ന കമന്റുകള്‍.

ഈ വര്‍ഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പുഴു, റോഷാക്ക്, ഭീഷ്മ പര്‍വ്വം, സി.ബി.ഐ: ദ ബ്രെയ്ന്‍ എന്നീ സിനിമകളും ഇറങ്ങാനിരിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കവും ചൂണ്ടിക്കാട്ടിയാണ് മമ്മൂട്ടിയെ ഏവരും അഭിനന്ദിക്കുന്നത്.

ഈ ചിത്രങ്ങളെല്ലാം പ്രമേയത്തില്‍ ഒന്നിനൊന്ന് വ്യത്യസ്ത പുലര്‍ത്തുക മാത്രമല്ല, ഇന്നത്തെ കാലത്ത് ഏറ്റവും ചര്‍ച്ചയാകുന്ന പല വിഷയങ്ങളും സംസാരിക്കുക കൂടി ചെയ്തിരുന്നു. മേക്കിങ്ങിലും ട്രീറ്റ്‌മെന്റിലും പരീക്ഷണങ്ങള്‍ നടത്തിയ ചിത്രങ്ങള്‍ കൂടിയായിരുന്നു ഇതെല്ലാം.

ഇതിന്റെ തുടര്‍ച്ചയായി തന്നെ കാതലിനെയും കാണാവുന്നതാണ്. കാരണം, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഓള്‍ഡ് ഏജ് ഹോം, ശ്രീധന്യ കാറ്ററിംഗ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പുതിയ സിനിമാനുഭവം നല്‍കിയ ജിയോ ബേബിയാണ് കാതല്‍ ഒരുക്കുന്നത്.

2022ലെ മമ്മൂട്ടി ചിത്രങ്ങള്‍ അവയുടെ നേട്ടത്തിലും ചില നാഴികക്കല്ലുകള്‍ കൈവരിച്ചിരുന്നു. അമല്‍ നീരദിന്റെ സംവിധാനത്തില്‍ മൈക്കളിപ്പയായി മമ്മൂട്ടി നിറഞ്ഞാടിയ ഭീഷ്മ പര്‍വ്വം 2022ലെ തിയേറ്റര്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ്.

ജാതീയതയുടെയും സവര്‍ണമനോഭാവത്തിന്റെയും ഏറ്റവും ക്രൂരമായ മുഖം കാണിച്ചുതന്ന റതീന പി.ടിയുടെ പുഴു മലയാളത്തില്‍ ഈ വര്‍ഷമിറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ നിരൂപകശ്രദ്ധ നേടിയ ചിത്രമാണ്.

ആദ്യമായി ഒരു മലയാള സിനിമക്ക് അഞ്ചാം ഭാഗമുണ്ടായ ചിത്രമാണ് സി.ബി.ഐ സീരിസിലെ ദ ബ്രെയ്ന്‍. കെ. മധുവും എസ്.എന്‍ സ്വാമിയും ചേര്‍ന്ന് സേതുരാമയ്യര്‍ സി.ബി.ഐയെ തിരിച്ചെത്തിച്ച സിനിമ പ്രേക്ഷകപ്രശംസ നേടിയില്ലെങ്കിലും തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു.

തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുന്ന നിസാം ബഷീറിന്റെ റോഷാക്ക് കഥയിലും ട്രീറ്റ്‌മെന്റിലുമെല്ലാം വ്യത്യസ്ത പുലര്‍ത്തിയ ചിത്രമായിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എല്‍.ജെ.പി ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നതിനെ തുടക്കം മുതല്‍ തന്നെ ആവേശത്തില്‍ കണ്ട ആരാധകര്‍ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഏറ്റെടുത്തിരുന്നു.

മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് റോഷാക്കും നന്‍പകല്‍ നേരത്ത് മയക്കവും കാതലും നിര്‍മിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

ഇന്ന് കാണുന്ന മമ്മൂട്ടിയായി തന്നെ വളര്‍ത്തിയ സിനിമക്ക് ഒരു അഭിനേതാവ് നല്‍കുന്ന ഏറ്റവും മികച്ച ട്രിബ്യൂട്ടുകളാണ് 2022ല്‍ മമ്മൂട്ടി അഭിനയിക്കാനും നിര്‍മിക്കാനും തെരഞ്ഞെടുത്ത സിനിമകളെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

Content Highlight: Mammootty is once again praised for his selection of movies in 2022 after Kathal poster release