മമ്മൂട്ടിക്കും മോഹൻലാലിനും ആരെയും വെട്ടിച്ച് മുന്നിൽ വരണമെന്നില്ല, എന്നാൽ ഇന്ന് അവസ്ഥ മാറി: റഹ്‌മാൻ
Entertainment
മമ്മൂട്ടിക്കും മോഹൻലാലിനും ആരെയും വെട്ടിച്ച് മുന്നിൽ വരണമെന്നില്ല, എന്നാൽ ഇന്ന് അവസ്ഥ മാറി: റഹ്‌മാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 12:39 pm

മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാൻ. പത്മരാജന്റെ സംവിധാനത്തിൽ 1983ൽ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിക്കുന്നത്. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും റഹ്‌മാൻ സ്വന്തമാക്കി. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് അദ്ദേഹം.

ഇപ്പോൾ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് റഹ്‌മാൻ. മമ്മൂട്ടിയും മോഹന്‍ലാലും താനുമൊക്കെ ഒരുപാട് സിനിമകളില്‍ ക്യാരക്ടേഴ്സ് മാത്രം ചെയ്തിട്ടുണ്ടെന്നും ഒരാളെ പിന്നിലാക്കി മുന്നോട്ട് വരണമെന്നുള്ള തോന്നൽ ആർക്കും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാൽ ഇപ്പോഴത്തെ അവസ്ഥ മാറിയെന്നും ഇപ്പോള്‍ എല്ലാവരും വണ്‍ മാന്‍ ഷോ കളികളാണെന്നും റഹ്‌മാൻ അഭിപ്രായപ്പെട്ടു. തനിക്ക് സിനിമയിൽ പ്ലാനുകളൊന്നും ഉണ്ടായിരുന്നില്ലെന്നും സമയം നന്നായതുകൊണ്ട് സിനിമകളൊക്കെ ഹിറ്റായെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ തുടങ്ങിയെന്നും നടൻ പറഞ്ഞു.

തൻ്റെ അടുത്ത് വരുന്ന സിനിമകൾ മാത്രമാണ് താൻ ചെയ്തിരുന്നതെന്നും വ്യക്തമായ പ്ലാനിങ് ഉണ്ടായിരുന്നില്ലെന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു. ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിയും മോഹന്‍ലാലും ഞാനുമൊക്കെ ഒരുപാട് സിനിമകളില്‍ ക്യാരക്ടേഴ്സ് മാത്രം ചെയ്ത് പോകുന്നുവെന്നെ ഉള്ളു. ഇയാളെ വെട്ടിച്ച് ഞാന്‍ മുന്നോട്ട് പോകണം, മുന്നില്‍ വരണം എന്ന തോന്നല്‍ ഒന്നും ഇല്ല. ആര്‍ക്കുമുണ്ടായിരുന്നില്ല എന്ന് തോന്നുന്നു.

ഇപ്പോഴത്തെ അവസഥ മാറി. ഇപ്പോള്‍ എല്ലാവരും വണ്‍ മാന്‍ ഷോ കളികളൊക്കെയാണ്. സിനിമയില്‍ വരുമ്പോള്‍ എനിക്ക് പ്ലാനുകളൊന്നും ഉണ്ടായിരുന്നില്ല . എന്നെ വിളിച്ചു. ഞാന്‍ എന്തോ ചെയ്തു. സമയം നന്നായതുകൊണ്ട് സിനിമകളൊക്കെ ഹിറ്റായി. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ തുടങ്ങി. ഞാനൊരിക്കലും സീരിയസ് ആക്ടര്‍ ആയിരുന്നില്ല.

ഇതുകഴിഞ്ഞാല്‍ അടുത്ത സിനിമ എന്ന പ്ലാനിങ്ങൊന്നും ഇല്ലായിരുന്നു. എന്റെ അടുത്ത് വരുന്ന സിനിമകള്‍ മാത്രം ചെയ്തു പോകുന്നുവെന്നല്ലാതെ ഞാനായിട്ട് ഒരു പ്ലാനൊന്നും ഉണ്ടാക്കിയിരുന്നില്ല. അതൊരു വലിയ തെറ്റായിരുന്നു,’ റഹ്‌മാൻ പറയുന്നു.

Content Highlight: Mammootty and Mohanlal don’t necessarily have to beat anyone to come out on top, but things have changed today says Rahman