മമിത എത്തിയാൽ 100 കോടി ഉറപ്പ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലും അത് തുടരുമെന്ന് സോഷ്യൽ മീഡിയ
Malayalam Cinema
മമിത എത്തിയാൽ 100 കോടി ഉറപ്പ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലും അത് തുടരുമെന്ന് സോഷ്യൽ മീഡിയ
അജ്മല്‍ കെ
Saturday, 22nd August 2026, 9:05 pm

ഒരു സിനിമ വലിയ വിജയം നേടുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ തുടർച്ചയായി വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളുടെ ഭാഗമാവുകയാണ് ഇപ്പോൾ മമിത ബൈജു. ‘ലക്കി നായിക’ എന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുമ്പോൾ, മമിതയുടെ പേരിനൊപ്പം വീണ്ടും 100 കോടി എന്ന ചർച്ചയും സജീവമാകുകയാണ്.

മമിതയുടെ കരിയറിൽ വലിയ മാറ്റമുണ്ടാക്കിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’. 2024ൽ പുറത്തിറങ്ങിയ ചിത്രത്തിൽ റീനു റോയിയായി എത്തിയ മമിതയുടെ പ്രകടനം യുവപ്രേക്ഷകർ ഏറ്റെടുത്തതോടെ താരം മലയാള സിനിമയിലെ ശ്രദ്ധേയമായ നായികയായി മാറി. നെസ്‌ലെനോടൊപ്പം എത്തിയ ചിത്രം ബോക്‌സ് ഓഫീസിലും വലിയ നേട്ടമുണ്ടാക്കി. ആഗോളതലത്തിൽ ഏകദേശം 135 കോടി രൂപ നേടിയ ‘പ്രേമലു’ മമിതയുടെ കരിയറിലെ നിർണായക വഴിത്തിരിവായിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: Screengrab/ Youtube.com

‘പ്രേമലു’വിന്റെ വിജയത്തിന് പിന്നാലെ മമിതയുടെ തമിഴ് അരങ്ങേറ്റവും ശ്രദ്ധ നേടി. പ്രദീപ് രംഗനാഥൻ നായകനായ ‘ഡ്യൂഡി’ൽ കുരൽ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തമിഴ് പ്രേക്ഷകർക്കിടയിലും മമിതയ്ക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്ത ചിത്രം ബോക്‌സ് ഓഫീസിൽ ഏകദേശം 113 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിന് പുറത്തും മമിതയുടെ താരമൂല്യം ഉയരുന്നതിന്റെ ആദ്യ സൂചനകളിലൊന്നായി ഈ വിജയം മാറി.

അവിടെ നിന്നാണ് സിനിമകളുടെ വലുപ്പത്തിലും മമിതയുടെ കരിയറിലും മറ്റൊരു മാറ്റം സംഭവിക്കുന്നത്. ദളപതി വിജയ് നായകനായ ‘ജന നായകൻ’ എന്ന ചിത്രത്തിൽ വിജയിയുടെ കഥാപാത്രത്തിന്റെ സഹോദരി ദിവ്യയായാണ് മമിത എത്തിയത്. ചിത്രവും ബോക്‌സ് ഓഫീസിൽ വൻ നേട്ടമുണ്ടാക്കി. 300 കോടി രൂപയിലധികം ആഗോള കളക്ഷൻ നേടിയ ചിത്രത്തിന്റെ ഭാഗമായതോടെ, തെന്നിന്ത്യയിലെ വലിയ താരങ്ങൾക്കൊപ്പമുള്ള മമിതയുടെ സാന്നിധ്യം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photo: IMDb

പിന്നാലെ സൂര്യയെ നായകനാക്കി എത്തിയ ‘വിശ്വനാഥ് ആൻഡ് സൺസ്’ലും മമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മാഡി എന്ന കഥാപാത്രമായി എത്തിയ ചിത്രവും റിലീസിന് പിന്നാലെ മികച്ച ബോക്‌സ് ഓഫീസ് പ്രതികരണമാണ് നേടിയത്. വെറും രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മമിതയുടെ സിനിമാ തിരഞ്ഞെടുപ്പുകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്.

‘പ്രേമലു’വിന് ശേഷമാണ് മമിതയുടെ സിനിമകൾ ഓരോന്നായി വലിയ ബോക്‌സ് ഓഫീസ് നേട്ടങ്ങളിലേക്ക് എത്തുന്നത്. 135 കോടിയുമായി തുടങ്ങിയ വിജയയാത്ര പിന്നീട് 113 കോടിയിലേക്കും അവിടെ നിന്ന് 300 കോടിയിലേക്കും 100 കോടിയിലേക്കുമെല്ലാം എത്തി. ഇതോടെയാണ് മമിതയുടെ സിനിമകൾക്ക് ഒരു പ്രത്യേക ‘ലക്ക്’ ഉണ്ടോ എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായത്.

ഇതിനിടെയാണ് മമിത വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. അതും കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് സമ്മാനിച്ച ഗിരീഷ് എ.ഡിക്കൊപ്പം. ‘പ്രേമലു’വിന് ശേഷം ഇരുവരും ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണം റിലീസായി തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടുകയാണ്.

നിവിൻ പോളി നായകനായ ചിത്രത്തിൽ ആഷ്‌ലിയായാണ് മമിത എത്തുന്നത്. നിവിൻ–മമിത കോമ്പിനേഷനും പ്രേക്ഷകർ ഏറ്റെടുത്തതോടെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് സാധ്യതകളിലേക്കാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ. ആദ്യദിനം തന്നെ നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് സ്വന്തമാക്കിയ ചിത്രം തുടർന്നും മികച്ച പ്രകടനം നടത്തിയാൽ മമിതയുടെ പേരിനൊപ്പം മറ്റൊരു വലിയ ബോക്‌സ് ഓഫീസ് വിജയവും ചേർക്കപ്പെടും.

മമിത ബൈജു. Photo: IMDb

 

അത്കൊണ്ട് തന്നെയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇപ്പോൾ മമിതയുടെ കരിയറിലും പ്രത്യേക ശ്രദ്ധ നേടുന്നത്. ‘പ്രേമലു’വിന് ശേഷം തുടർച്ചയായി വലിയ വിജയങ്ങളുടെ ഭാഗമായ താരം വീണ്ടും ഗിരീഷ് എ.ഡിക്കൊപ്പം എത്തിയിരിക്കുകയാണ്. റീനുവായി എത്തിയപ്പോൾ തുടങ്ങിയ മമിതയുടെ ബോക്‌സ് ഓഫീസ് യാത്ര ഇപ്പോൾ ആഷ്‌ലിയിലെത്തി നിൽക്കുകയാണ്. ഓണം ഹിറ്റായി ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറികൊണ്ടിരിക്കുമ്പോൾ ഇത് വീണ്ടും മമിതയുടെ 100 കോടി ക്ലബ്ബായി മാറുമെന്നാണ് ആരാധകർ പറയുന്നത്.

Content Highlight: Mamitha Baiju’s career success continues with ‘Bethlehem Kudumba Unit’, say social media

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.