'നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യൂ, തീയുമായി കളിക്കാന്‍ പറ്റില്ലല്ലോ': മമത ബാനര്‍ജി
national news
'നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യൂ, തീയുമായി കളിക്കാന്‍ പറ്റില്ലല്ലോ': മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th July 2022, 3:49 pm

കൊല്‍ക്കത്ത: നുപുര്‍ ശര്‍മയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഇന്ത്യ ടുഡേ കോണ്‍ക്ലേവ് ഈസ്റ്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ പരാമര്‍ശം. നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി തന്ത്രമായിരുന്നു നുപുര്‍ ശര്‍മയും വിവാദങ്ങളുമെന്നും മമത ബാനര്‍ജി ആരോപിച്ചു. വിദ്വേഷ പ്രചരണം ബി.ജെ.പിയുടെ ഗൂഡാലോചനയുടെ ഫലമാണെന്നും മമത പറഞ്ഞു.

നിങ്ങള്‍ക്ക് തീയില്‍ കളിക്കാന്‍ കഴിയില്ലെന്നതിനാല്‍ നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മമതയുടെ പ്രതികരണം.

വിഭജന രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജൈനര്‍ക്കും ബുദ്ധമതക്കാര്‍ക്കും എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയാണ് താനും പാര്‍ട്ടിയും നിലനില്‍ക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി മമത ബാനര്‍ജി രംഗത്തെത്തിയിരിക്കുന്നത്.

അധികാരം ദുര്‍വിനിയോഗം ചെയ്ത് ബി.ജെ.പി ജനങ്ങളെ ബുള്‍ഡോസ് ചെയ്തതുപോലെ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പിന് ബി.ജെ.പിയെ ബുള്‍ഡോസ് ചെയ്യുമെന്നും മമത പറഞ്ഞു.

‘ജനങ്ങള്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് (ബി.ജെ.പി) ഒരു ബുള്‍ഡോസറായി മാറും. ശക്തമായ അധികാരത്തെ നിങ്ങള്‍ ദുരുപയോഗം ചെയ്തു. ജനാധിപത്യം നിങ്ങള്‍ തകര്‍ത്തു. പക്ഷെ അടുത്ത തെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങളും ബി.ജെ.പിയും തമ്മിലായിരിക്കും. ജനങ്ങള്‍ നിങ്ങളേയും ബുള്‍ഡോസ് ചെയ്യും, തികച്ചും ജനാധിപത്യപരമായി തന്നെ,’ മമത പറഞ്ഞു.

Content highlight: Mamata banerjee aks why nupur sharma is still not jailed