ബൈഡന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കും; ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് സ്വന്തം വോട്ടര്‍മാര്‍ പോലും വിശ്വസിക്കുന്നു; സര്‍വേ
World News
ബൈഡന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കും; ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് സ്വന്തം വോട്ടര്‍മാര്‍ പോലും വിശ്വസിക്കുന്നു; സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2024, 11:43 am

വാഷിങ്ടണ്‍: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയാണെന്ന് വിശ്വസിക്കുന്നവരാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വോട്ടര്‍മാരെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഗസയിലെ കൂട്ടക്കുരുതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധമായാണ് അദ്ദേഹത്തിന്റെ വോട്ടര്‍മാര്‍ ചിന്തിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇസ്രഈല്‍ വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസ് യു.എസ് ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞിരുന്നു. ഇസ്രഈല്‍ നേതാക്കളെ യുദ്ധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള അന്താരാഷട്ര ക്രിമിനല്‍ കോടതിയുടെ നീക്കത്തെ ഭീഷണി കൊണ്ടാണ് അമേരിക്ക നേരിട്ടത്.

അത്തരം നടപടികള്‍ ഉണ്ടായാല്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് യു.എസ് ഐ.സി.സിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ ഇസ്രഈലിനുള്ള പരസ്യ പിന്തുണ യു.എസ് തുടരുന്നതിനിടെയാണ് ബൈഡന്റെ ഭൂരിഭാഗം വോട്ടര്‍മാരും ഗസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 56 ശതമാനം വോട്ടര്‍മാരും പറയുന്നത് ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യ ആണെന്നാണ്. അതേസമയം 22 ശതമാനം പേര്‍ വംശഹത്യയല്ലെന്നാണ് വിശ്വസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വോട്ടര്‍മാരും പറയുന്നത് ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യ ആണെന്ന് തന്നെയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 58 ശതമാനം വോട്ടര്‍മാര്‍ വംശഹത്യയാണെന്ന് വിശ്വസിക്കുമ്പോള്‍ 23 ശതമാനം ആളുകള്‍ അതിനോട് വിയോജിക്കുന്നു.

അതിനിടെ അമേരിക്കയിലെ മുഴുവന്‍ വോട്ടര്‍മാരില്‍ 39 ശതമാനം ആളുകള്‍ വംശഹത്യ ആണെന്ന് പറയുമ്പോള്‍ 38 ശതമാനം ആളുകള്‍ വിയോജിപ്പ് രേഖപ്പെടുത്തി. 23 ശതമാനം ആളുകള്‍ അറിയില്ലെന്നാണ് പ്രതികരിച്ചത്.

അമേരിക്കയിലെ ഒരു അഭിഭാഷക സംഘവും പോളിങ് സ്ഥാപനവും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഏപ്രില്‍ 26 മുതല്‍ 29 വരെയാണ് സര്‍വേ നടന്നത്. ഇതിന്റെ റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

അതിനിടെ, റഫയെ ആക്രമിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ഇസ്രഈലിലേക്കുള്ള ആയുധക്കയറ്റുമതി അമേരിക്ക കഴിഞ്ഞദിവസം താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ഭൂരിഭാഗം ഫലസ്തീനികളും റഫ അതിര്‍ത്തിയില്‍ അഭയം തേടിയിരിക്കുന്ന സാഹചര്യത്തില്‍ ആക്രമണം വലിയ തിരിച്ചടിയാകുമെന്ന സാഹചര്യത്തിലാണ് തീരുമാനം.

Content Highlight: Majority of US Democrats believe Israel is committing genocide in Gaza: Poll