പങ്കാളി ജീവിച്ചിരിക്കെ മുസ്‌ലിങ്ങള്‍ക്ക് ലിവിങ് റിലേഷന്‍ഷിപ്പില്‍ അവകാശം ഉന്നയിക്കാനാവില്ല: അലഹബാദ് ഹൈക്കോടതി
national news
പങ്കാളി ജീവിച്ചിരിക്കെ മുസ്‌ലിങ്ങള്‍ക്ക് ലിവിങ് റിലേഷന്‍ഷിപ്പില്‍ അവകാശം ഉന്നയിക്കാനാവില്ല: അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2024, 9:19 am

ലഖ്‌നൗ: ഇസ്‌ലാമിന്റെ തത്വമനുസരിച്ച് വിവാഹിതരായ മുസ്‌ലിങ്ങള്‍ക്ക് ലിവിങ് റിലേഷന്‍ഷിപ്പില്‍ അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ബുധനാഴ്ചയാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വിഷയത്തില്‍ നിരീക്ഷണം നടത്തിയത്.

എ.ആര്‍ മസൂദി, എ.കെ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം. സ്‌നേഹ ദേവി മുഹമ്മദ് ഷദാബ് ഖാന്‍ എന്നിവരാണ് ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

മകളെ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതിയ നല്‍കിയതിന് പിന്നാലെയാണ് ഇരുവരും സംരക്ഷണം തേടി ഹൈക്കോടതിയ സമീപിച്ചത്. തങ്ങള്‍ ലിവിങ് റിലേഷൻഷിപ്പിലാണെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. തങ്ങള്‍ പ്രായപൂര്‍ത്തി ആയവരാണെന്നും സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഇവരുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. ഇസ്‌ലാമിക തത്വങ്ങള്‍ അനുസരിച്ച് വിവാഹം കഴിഞ്ഞ് പങ്കാളി ജീവിച്ചിരിക്കുമ്പോള്‍ ലിവിങ് റിലേഷൻഷിപ്പ് അനുവദിക്കുന്നില്ല. എന്നാല്‍ രണ്ട് വ്യക്തികളും അവിവാഹിതരാണെങ്കില്‍ നടപടി വ്യത്യസ്തമായിരിക്കുമെന്നും അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാമെന്നും കോടതി പറഞ്ഞു.

മുഹമ്മദ് ഷദാബ് ഖാന്‍ 2020ല്‍ വിവാഹം കഴിച്ചന്നെും ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ടെന്നും മനസിലാക്കിയാണ് കോടതിയുടെ നിരീക്ഷണം. വിവാഹങ്ങളില്‍ ഭരണഘടനാപരമായ ധാര്‍മികതയും സാമൂഹിക ധാര്‍മികതയും സന്തുലിതമാക്കണമെന്നും കോടതി പറഞ്ഞു.

ഹരജിക്കാരിയായ സ്‌നേഹ ദേവിയെ മാതാപിതാക്കളുടെ അടുത്തേക്ക് അയക്കാനും കോടതി നിര്‍ദേശിച്ചു. ആര്‍ട്ടിക്കിള്‍ 21പ്രകാരം പങ്കാളികള്‍ക്ക് ഒരുമിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ കേസ് അതില്‍ നിന്ന് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു.

Content Highlight: Muslims can’t claim rights in live-in relationship when having spouse: Allahabad High Court