മോഹൻലാൽ ചിത്രത്തിൽ പ്രതിഫലം വേണ്ടെന്ന് പറഞ്ഞ് ആ നടൻ പണം തിരികെ നൽകി: മേജർ രവി
Entertainment
മോഹൻലാൽ ചിത്രത്തിൽ പ്രതിഫലം വേണ്ടെന്ന് പറഞ്ഞ് ആ നടൻ പണം തിരികെ നൽകി: മേജർ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th January 2025, 6:01 pm

പുനര്‍ജനി എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ ആളാണ് മേജര്‍ രവി.  2006ല്‍ മോഹൻലാലിനെ വെച്ച് കീര്‍ത്തിചക്ര എന്ന സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്ത മേജർ രവി പിന്നീട് മമ്മൂട്ടിയെ വെച്ച് മിഷന്‍ 90 ഡേയ്‌സ് എന്ന സിനിമയും സംവിധാനം ചെയ്തു. എന്നാല്‍ കീര്‍ത്തിചക്രയുടെ വിജയം ആവര്‍ത്തിക്കാന്‍ മിഷന്‍ 90 ഡേയ്‌സിന് സാധിച്ചില്ല. കുരുക്ഷേത്ര, പിക്കറ്റ് 43 തുടങ്ങിയവയെല്ലാം മേജർ രവി സിനിമകളാണ്.

വലിയ ഹൈപ്പോടെ തിയേറ്ററിൽ എത്തിയ മേജർ രവി ചിത്രമായിരുന്നു കാണ്ഡഹാർ. ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്നതായിരുന്നു അതിന് കാരണം. ചിത്രത്തിന് ശേഷം അമിതാഭ് ബച്ചന് പണം കൊടുക്കാൻ പോയപ്പോൾ ഉള്ള അനുഭവം പങ്കുവെക്കുകയാണ് മേജർ രവി. പണം നൽകാൻ ചെന്നപ്പോൾ അമിതാഭ് ബച്ചൻ അത് സ്വീകരിച്ചില്ലെന്നും തനിക്ക് മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഇഷ്ടമായത് കൊണ്ടാണ് താൻ അഭിനയിച്ചതെന്നും ബച്ചൻ പറഞ്ഞെന്ന് മേജർ രവി പറയുന്നു.

‘ഇതൊരു പ്രതിഫലമായി കണക്കാക്കരുത്, അത് തരാനുള്ള കഴിവ് എനിക്കുമില്ല, എന്റെ മലയാള സിനിമയ്ക്കുമില്ലായെന്ന് ഞാൻ സാറോട് പറഞ്ഞു. മൂന്ന് ദിവസത്തിന്റെ വർക്ക്‌ ആയിരുന്നു അദ്ദേഹത്തിന് ഞങ്ങളുടെ സിനിമയിൽ. ഞാൻ ഒരു അമ്പത് ലക്ഷത്തിന്റെ ചെക്ക് എടുത്തിട്ട് അദ്ദേഹത്തിന് കൊടുക്കാൻ പോയി.

അദ്ദേഹം ഇത്‌ എന്താണെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, ഇതൊരു ചെറിയ ടോക്കണാണ്. ഞങ്ങളുടെ മലയാള മാസത്തിന്റെ വിഷുവാണെന്ന്. ഇതൊരു സ്പെഷ്യൽ ഡേയാണ് അതിന്റെയൊരു സന്തോഷത്തിനാണ് ഇതെന്ന് ലാലും അദ്ദേഹത്തോട് പറഞ്ഞു.

വെറും മൂന്ന് ദിവസത്തേക്ക് എന്ത് പ്രതിഫലമെന്ന് അദ്ദേഹം ചോദിച്ചു. എന്നിട്ട് അദ്ദേഹം ലാലിന് നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു, ഞാൻ അയാളെ ഇഷ്ടപെടുന്നു, ഞാൻ അയാളോടൊപ്പം അഭിനയിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന്. മോഹൻലാലിനെ ചൂണ്ടി കാണിച്ചു കൊണ്ട് അമിത് ജീ പറഞ്ഞ വാക്കാണത്.

ഞാൻ ആരാധിക്കുന്ന ഒരു വ്യക്തി മോഹൻലാലാണ്, മോഹൻലാൽ ആരാധിക്കുന്ന ഒരു വ്യക്തി അമിതാഭ് ജീയാണ്. അദ്ദേഹം മോഹൻലാലിനോട് പറയുകയാണ്, ഞാൻ നിങ്ങളുടെ കൂടെ അഭിനയിക്കാൻ ഇഷ്ടപെടുന്നുവെന്ന്. ഇത്‌ കണ്ട് നിന്ന എനിക്ക് പൈസ തിരിച്ച് തന്നിട്ട് അദ്ദേഹം പറഞ്ഞു, ഇത് വെച്ചോളൂ, എനിക്കിതിന്റെ ആവശ്യമില്ലായെന്ന്,’മേജർ രവി പറയുന്നു.

Content Highlight: Major Ravi About Kaandahar Movie And Amithabh Bachan