ധീരജ് കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം
Kerala News
ധീരജ് കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th April 2022, 12:47 pm

ഇടുക്കി: എസ്.എഫ്.ഐ പ്രവര്‍ത്തകനും എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയുമായിരുന്ന ധീരജ് രാജേന്ദ്രന്‍ കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 88ാം ദിവസമാണ് നിഖില്‍ പൈലിക്ക് ജാമ്യം അനുവദിക്കുന്നത്.

എട്ട് പ്രതികളാണ് കേസിലുള്ളത്, കേസിലെ കുറ്റപത്രം അന്വേഷണ സംഘം നേരത്തെ സമര്‍പ്പിചതാണ്. 160 സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റിരുന്നു. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നത്.

നേരത്തെ പല തവണ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നിഖില്‍ പൈലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ധീരജിനെ കുത്തിയത് നിഖില്‍ പൈലി അല്ലെന്നും ജയിലില്‍ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

പ്രതിയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നായിരുന്നു നേരത്തെ കെ. സുധാകരന്‍ വ്യക്തമാക്കിയത്. രക്ഷപ്പെടാന്‍ വേണ്ടിയാണ് നിഖില്‍ ഓടിയത്. കുത്തിയത് ആരും കണ്ടിട്ടില്ല. പ്രതികള്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കും. നിഖില്‍ ആണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തതെന്നും മുമ്പ് സുധാകരന്‍ പറഞ്ഞിരുന്നു.

Content Highlights: main accused Nikhil Paili, in Dheeraj murder case released on bail