മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് മഹേഷ് നാരായണന്‍. ടേക്ക് ഓഫ്, മാലിക്, സി.യു സൂണ്‍, അറിയിപ്പ് തുടങ്ങി നിരവധി സിനിമകള്‍ മഹേഷ് മലയാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. സംവിധാനത്തിന് പുറമെ നിരവധി ചിത്രങ്ങുളുടെ എഡിറ്റര്‍ കൂടെയായിരുന്നു മഹേഷ്. കമല്‍ ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപം എന്ന ചിത്രത്തിന്റെയും എഡിറ്റര്‍ മഹേഷായിരുന്നു.
സംവിധായകനും എഡിറ്ററും തമ്മിലുള്ള വൈകാരിക ബന്ധമാണ് നല്ല സിനിമയുണ്ടാക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.
ഇപ്പോള്‍ എഡിറ്ററും സംവിധായകനും തമ്മില്‍ വേണ്ട ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് മഹേഷ് നാരായണന്‍. ഓരോ സംവിധായകരില്‍ നിന്നും ഓരോ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സംവിധായകനും എഡിറ്ററും തമ്മിലുള്ള വൈകാരിക ബന്ധമാണ് നല്ല സിനിമയുണ്ടാക്കുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും മഹേഷ് പറയുന്നു.
‘ഓരോ സംവിധായകരില്‍ നിന്നും ഓരോ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അടഞ്ഞ മുറിയിലിരുന്ന് ദിവസങ്ങളോളം ഒരുമിച്ചു ചെയ്യേണ്ട ജോലിയാണിത്. സംവിധായകനും എഡിറ്ററും തമ്മിലുള്ള വൈകാരിക ബന്ധമാണ് നല്ല സിനിമയുണ്ടാക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.
കാഴ്ചയുടെയും കഥയുടെയും ഒക്കെ താളം ഒരുമിച്ച് രണ്ടുപേരുടെ മനസിലും ഉണ്ടാകണം. ചിലപ്പോള്‍ വഴക്കുകളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം സിനിമക്ക് വേണ്ടിയായിരുന്നു.
കമല്‍ഹാസനൊപ്പം ‘വിശ്വരൂപം’ എഡിറ്റ് ചെയ്യാനിരുന്നിപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘എന്റെ ആരാധകനായല്ല. നിങ്ങളുടെ രീതിക്ക് കട്ട് ചെയ്യണം’ എന്ന്. എഡിറ്റിങ് കഴിഞ്ഞപ്പോള്‍ ഞാന്‍ കമല്‍ ഹാസന്‍ ആരാധകനല്ല എന്നദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് ആ ബന്ധം നിലനില്‍ക്കുന്നു.
ഒരേ സമയം രണ്ട് താളത്തിലുള്ള സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്, പോക്കിരി രാജയും മകരമഞ്ഞും. പോക്കിരി രാജ എഡിറ്റ് ചെയ്യുമ്പോള്‍ സംവിധായകന്റെ മനസില്‍ എന്താണെന്ന തിരിച്ചറിവ് വേണം. മുന്‍നിരയിലിരുന്ന് ഓരോ ഡയലോഗിനും കടലാസെറിഞ്ഞ് ആര്‍പ്പു വിളിക്കേണ്ട പ്രേക്ഷകനെ ഓര്‍മ വേണം. മകരമഞ്ഞ് അങ്ങനെയല്ല. ആ ബോധ്യത്തോടു കൂടിയാണ് ജോലി ചെയ്യുന്നത്,’ മഹേഷ് നാരായണന്‍ പറയുന്നു.