ബ്രഹ്‌മാണ്ഡ സിനിമയാക്കണമെന്ന് വിചാരച്ചില്ല; പക്ഷേ, പതിയെ ആ ചിത്രം വലുതായി: മഹേഷ് നാരായണന്‍
Malayalam Cinema
ബ്രഹ്‌മാണ്ഡ സിനിമയാക്കണമെന്ന് വിചാരച്ചില്ല; പക്ഷേ, പതിയെ ആ ചിത്രം വലുതായി: മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th August 2025, 2:03 pm

എഡിറ്ററായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് മഹേഷ് നാരായണന്‍. പിന്നീട് ടേക്ക് ഓഫ്, മാലിക്, സി.യൂ സൂണ്‍ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം എഴുത്തിലും സംവിധാനത്തിലുമുള്ള തന്റെ മികവ് തെളിയിച്ചു.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തിനായാണ് സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇപ്പോള്‍ ആ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘സിനിമയുടെ 60 ശതമാനത്തോളം ഷൂട്ടിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഒക്ടോബറോടെ ഷൂട്ട് തീര്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതൊരു ബ്രഹ്‌മാണ്ഡ സിനിമയാക്കണമെന്ന മുന്‍വിധിയോടെയൊന്നുമല്ല ചിത്രം തുടങ്ങിയത്. പക്ഷേ, പതിയെ പതിയെ ആ സിനിമ വലുതായി. ചില സിനിമകളുടെ നിയോഗം അങ്ങനെയാണ്. തിയേറ്ററില്‍ കണ്ട് ആസ്വദിക്കാന്‍ സാധിക്കുന്ന, ഒരു മെയിന്‍ സ്ട്രീം സിനിമ തന്നെയാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, എന്റെ രീതിയിലുള്ള സിനിമയായിരിക്കുമെന്ന് മാത്രം,’മഹേഷ് പറയുന്നു.

അഖില്‍ അനില്‍കുമാര്‍ അണിയിച്ചൊരുക്കുന്ന തലവര എന്ന ചിത്രത്തിലൂടെ നിര്‍മാണത്തിലേക്കും മഹേഷ് ചുവടുവെച്ചിരിക്കുകയാണ്. റിലീസിനൊരുങ്ങുന്ന തലവരയുടെ വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു.

‘എന്റെ സുഹൃത്താണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഷബിന്‍ ബെക്കര്‍. ടേക്ക് ഓഫ് മുതല്‍ ഞങ്ങള്‍ ഒരുമിച്ച് സിനിമകള്‍ ചെയ്യുന്നുണ്ട്. അറിയിപ്പ് എന്ന ചിത്രവും ഞങ്ങള്‍ ഒരുമിച്ചാണ് നിര്‍മിച്ചത്. അദ്ദേഹം വഴിയാണ് തലവരയിലേക്ക് എത്തുന്നത്. ഈ സിനിമയുടെ കഥാതന്തുവിനെക്കുറിച്ച് ഷബിന്‍ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് വളരെ താത്പര്യം തോന്നി. ഇത് തീര്‍ച്ചയായും സിനിമയാക്കപ്പെടേണ്ട, ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് തോന്നിയതോടെയാണ് ചിത്രത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്,’ മഹേഷ് പറഞ്ഞു.

Content Highlight: Mahesh Narayanan talks about his upcoming Mohanlal Mammootty film