ടേക്ക് ഓഫിന് എനിക്ക് ധൈര്യം തന്നത് കമല്‍സാറാണ്: മഹേഷ് നാരായണന്‍
Entertainment news
ടേക്ക് ഓഫിന് എനിക്ക് ധൈര്യം തന്നത് കമല്‍സാറാണ്: മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th July 2022, 7:57 am

മഹേഷ് നാരായണന്‍ തിരക്കഥ എഴുതി ഛായാഗ്രഹണം നിര്‍വഹിച്ച ഫഹദ് ഫാസില്‍ ചിത്രം മലയന്‍കുഞ്ഞ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി
ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസനുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മഹേഷ് നാരായണന്‍.

ഒരുപാട് കാര്യങ്ങള്‍ വര്‍ഷങ്ങളായി അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ സാധിച്ചു എന്നും സിനിമയില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹം പലപ്പോഴും ഉപദേശം തന്നിട്ടുണ്ടെന്നും മഹേഷ് നാരായണന്‍ പറയുന്നു.

ടേക്ക് ഓഫ് ഷൂട്ട് ചെയ്യാന്‍ തനിക്ക് ധൈര്യം നല്‍കിയത് കമല്‍ഹാസന്‍ ആണെന്നും മഹേഷ് നാരായണന്‍ പറയുന്നു.

‘ കമല്‍സാറില്‍ നിന്നും എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ടാകും. സത്യത്തില്‍ ടേക്ക് ഓഫ് ചെയാന്‍ എനിക്ക് ധൈര്യം തന്നത് കമല്‍സാറാണ്. കാരണം ടേക്ക് ഓഫ് ഷൂട്ട് ചെയ്യാന്‍ ഇറാഖില്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നത് ആവശ്യമായിരുന്നു ബഡ്ജറ്റ് വെച്ച് അത് സാധിക്കില്ലായിരുന്നു. കമല്‍ സാറാണ് പറഞ്ഞത് വിശ്വരൂപത്തിന് വേണ്ടി അഫ്ഗാനിസ്ഥാന്‍ ചെന്നൈയില്‍ അല്ലെ ഉണ്ടാക്കിയത്. അതുപോലെ നിങ്ങള്‍ക്ക് കൊച്ചിയില്‍ ഇറാഖ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന്’, മഹേഷ് നാരായണന്‍ പറയുന്നു.

ഇതിനൊപ്പം തന്നെ മാലിക്ക് ഷൂട്ടിങ് നടക്കുമ്പോള്‍ കടലില്‍ ക്യാമറ സെറ്റ് ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല ബുദ്ധിമുട്ട് ഉണ്ടെന്ന് കമല്‍ ഹാസനോട് പറഞ്ഞപ്പോള്‍ കുറച്ച് നേരം കഴിഞ്ഞ് അദ്ദേഹം തിരിച്ച് വിളിച്ച് കായലില്‍ വെച്ച് ഷൂട്ട് ചെയ്യാമല്ലോ കൊച്ചിയില്‍ അല്ലെ എന്നാണ് ചോദിച്ചത്. അപ്പോഴാണ് ശെരിക്കും അത് ഞാന്‍ പോലും ചിന്തിക്കുന്നത് എന്നും മഹേഷ് നാരായണന്‍ പറയുന്നു.

ഇന്ത്യന്‍ 2വിന് ശേഷമാകും കമല്‍ഹാസനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങുക എന്നും മഹേഷ് നാരായണന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

നവാഗതനായ സജി മോനാണ് മലയന്‍കുഞ്ഞ് സംവിധാനം ചെയ്തിരിക്കുന്നത്. 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

ഫാസിലാണ് ചിത്രം നിര്‍മിച്ചത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് ചിത്രത്തിന്റെ പ്രമേയം. അതിനെ തുടര്‍ന്ന് നടക്കുന്ന അതിജീവനമാണ് സിനിമ പങ്കുവെക്കുന്നത്.


ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

Content Highlight : Mahesh Narayanan says that Kamal Hasan gave the courrage and support to shoot Take off movie