നിശ്ചയം കഴിഞ്ഞു ഇനി കല്യാണം; തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു
Entertainment news
നിശ്ചയം കഴിഞ്ഞു ഇനി കല്യാണം; തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th July 2022, 10:01 pm

സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം ‘തിങ്കളാഴ്ച നിശ്ചയ’ത്തിന് രണ്ടാം ഭാഗം വരുന്നു. സിനിമയുടെ സംവിധായകന്‍ സെന്ന ഹെഗ്‌ഡെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യഭാഗം ഒരു നിശ്ചയത്തിന്റെ തലേദിവസത്തെ കഥ പറഞ്ഞപ്പോള്‍ രണ്ടാം ഭാഗം ഒരു വിവാഹവുമായി ബന്ധപ്പെട്ട സംഭവങ്ങളായിരിക്കുമെന്നാണ് സെന്ന ഹെഗ്‌ഡെ സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

തിങ്കളാഴ്ച നിശ്ചയ’ത്തിന് ലഭിച്ച പ്രതികരണത്തിന് പിന്നാലെ തന്നെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ചിരുന്നുവെന്നും, കൈയില്‍ നിരവധി ആശയങ്ങള്‍ ഉണ്ടെന്നും അതില്‍ വിവാഹം പശ്ചാത്തലമാക്കിയുള്ള കഥയായിരിക്കും സിനിമ പറയുന്നത് എന്നും സെന്ന ഹെഗ്‌ഡെ പറഞ്ഞു.

തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രം 1744 ഡബ്ല്യൂ.എ. ആണ്. സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത് ഷറഫുദ്ദീനാണ്. ശ്രീരാജ് രവീന്ദ്രനും, അര്‍ജുന്‍ ബിയുമായി ഹെഗ്‌ഡെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, രഞ്ജി കണ്‍കോല്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കബിനി ഫിലിംസിന്റെ ബാനറില്‍ തയാറാകുന്ന ചിത്രം നിര്‍മിക്കുന്നത് മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ തുടങ്ങിയവരാണ്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ അപര്‍ണ ബാലമുരളിയുമായി ചേര്‍ന്നാണ് സെന്നഹെഗ്‌ഡെയുടെ മറ്റൊരു ചിത്രം.

Content Highlight : senna hegde movie thinakalzhcha nishchayam to have a sequel