1991ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത് കോവൈ ചെഴിയാന്‍ നിര്‍മിച്ച തമിഴ് ചിത്രമാണ് അഴകന്‍. മമ്മൂട്ടിയായിരുന്നു ഈ സിനിമയില്‍ അഴകപ്പന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഒപ്പം ഭാനുപ്രിയ, ഗീത, മധുബാല തുടങ്ങിയവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
നടി മധുബാലയുടേതായി റിലീസാകുന്ന ആദ്യ ചിത്രമാണ് അഴകന്‍. സ്വപ്‌ന എന്ന കഥാപാത്രമായിട്ടായിരുന്നു നടി ഈ സിനിമയില്‍ അഭിനയിച്ചത്. ഇപ്പോള്‍ സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയുടെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് മധുബാല.
‘അഴകന്‍ സിനിമയില്‍ എനിക്ക് ആദ്യം ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്ന സീക്വന്‍സ് ഡാന്‍സായിരുന്നു. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് മമ്മൂട്ടി സാറും ഭാനുപ്രിയാജിയും അവിടെ സെറ്റില്‍ എന്റെ അടുത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.
അവരുടെ രണ്ടുപേരുടെയും മുന്നില്‍ നിന്നിട്ടാണ് ഞാന്‍ അന്ന് ഡാന്‍സ് കളിച്ചത്. ഭാനുപ്രിയാജി വളരെ മികച്ച ഡാന്‍സറായിരുന്നു. അവര്‍ ഇരിക്കുമ്പോഴാണ് ഞാന്‍ ‘തുടിക്കറതേ നെഞ്ചം’ എന്നും പറഞ്ഞ് ഡാന്‍സ് കളിക്കുന്നതെന്ന് ഓര്‍ക്കണം. രഘു മാസ്റ്ററാണ് ഡാന്‍സ് സ്‌റ്റെപ്പുകള്‍ പറഞ്ഞു തന്നത്.
അത് കഴിഞ്ഞ ഉടനെ തന്നെ ഒരു സീന്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. ആ സീനില്‍ ഞാന്‍ കരഞ്ഞു. അപ്പോള്‍ ഭാനുപ്രിയാജി എന്നോട് പറഞ്ഞത് ‘നീ വലിയ നടിയാകും’ എന്നായിരുന്നു. ആ വാക്കുകള്‍ എനിക്ക് ഇന്നും ഓര്‍മയുണ്ട്,’ മധുബാല പറയുന്നു.
സംവിധായകന്‍ കെ. ബാലചന്ദര്‍ തന്നെ നന്നായി ട്രെയിനിങ് ചെയ്യിച്ചിട്ടാണ് സിനിമയില്‍ അഭിനയിപ്പിച്ചതെന്നും ‘ഇങ്ങോട്ട് നോക്ക്. അവിടേക്ക് നോക്ക്. ഇങ്ങനെ നോക്ക്’ എന്നൊക്കെ പറഞ്ഞിട്ടാണ് ഓരോ സീനും തന്നെ വെച്ച് അദ്ദേഹം എടുത്തതെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.
ആ സമയത്ത് തന്റെ ഫോക്കസ് കോ-ആക്ടറായ മമ്മൂട്ടിയുടെ മേലെ അല്ലായിരുന്നുവെന്നും സംവിധായകന്‍ ഓക്കെയാണോ എന്നാണ് താന്‍ ചിന്തിച്ചതെന്നും മധുബാല പറയുന്നു. തനിക്ക് അദ്ദേഹം സിനിമയിലെ ഒരു സീനും എക്സ്പ്ലെയിന്‍ ചെയ്ത് തന്നിരുന്നില്ലെന്നും മധു കൂട്ടിച്ചേര്‍ത്തു.
Content Highlight: Madhubala Talks About Dance Scene In Azhagan Movie With Mammootty