1992ല്‍ മണി രത്‌നത്തിന്റെ സംവിധാനത്തില്‍ എത്തിയ റോജ എന്ന ചിത്രത്തിലെ ടൈറ്റില്‍ വേഷത്തിലെ സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മധുവെന്ന മധുബാല. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ വിവിധ ഭാഷകളില്‍ അഭിനയിച്ച നടി കൂടിയാണ് അവര്‍.
ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് മധുബാല പറയുന്നു. ഒരിക്കല്‍ ഒരു സിനിമയില്‍ തന്നോട് മുന്‍കൂട്ടി പറയാതെ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടുവെന്നും തനിക്കത് ഒരു മോശം അനുഭവമായിരുന്നുന്നെന്നും മധുബാല പറഞ്ഞു.
‘ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ തുടക്കകാലത്ത് പല സിനിമകളും ഞാന്‍ നിരസിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ എന്നോട് മുന്‍കൂട്ടി പറയാതെ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടു.
ഇന്നത്തെ സിനിമകളില്‍ കാണുന്നത് പോലൊരു ചുംബനമായിരുന്നില്ല അത്. പക്ഷെ അതെനിക്ക് വല്ലാത്ത മോശം അനുഭവമായിരുന്നു. ചുംബിക്കേണ്ടി വരുമെന്നത് ഷൂട്ടിങ് തുടങ്ങും മുമ്പ് എന്നോട് പറഞ്ഞിരുന്നില്ല. അവര്‍ എന്നെ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി ആ രംഗം എത്ര പ്രധാനപ്പെട്ടതാണെന്ന് വിശദമാക്കി തന്നു. അതുകൊണ്ടാണ് ഞാനത് ചെയ്തത്. പക്ഷെ എനിക്ക് ചെയ്യേണ്ടി വന്ന ഏറ്റവും ഭയാനകമായ കാര്യമായിരുന്നു അത്.
എന്നാല്‍ ആ ചുംബന രംഗം സിനിമക്ക് യാതൊരു തരത്തിലും ഗുണം ചെയ്യുന്നതായിരുന്നില്ല. ആ രംഗം ഒഴിവാക്കണമെന്ന് ഞാന്‍ സംവിധായകനോട് പറയാന്‍ പോയില്ല. അന്ന് ഞാന്‍ തീരെ ചെറുപ്പമായിരുന്നു. ഇന്നത്തെ 22-24 വയസുള്ള കുട്ടികളെല്ലാം നല്ല ബുദ്ധിയുള്ളവരാണ്. ഞാന്‍ പക്ഷെ അങ്ങനെയായിരുന്നില്ല,’ മധുബാല പറയുന്നു.