തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ് വലിയ വിജയം നേടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ നിലമ്പൂരില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ ഉണ്ടായെന്നും നല്ല പ്രചരണം കാഴ്ചവെക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമായി മാറ്റണമെന്നാണ് തീരുമാനിച്ചിരുന്നതെന്നും അതിനനുസരിച്ചുള്ള പ്രചാരണം നടത്താന്‍ സാധിച്ചതായും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കള്ളക്കഥകള്‍ പ്രചരിപ്പിക്കാനും നാടകങ്ങള്‍ സൃഷ്ടിക്കാനുമാണ് യു.ഡി.എഫ് ശ്രമിച്ചത്. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫിനായില്ല. വിവാദങ്ങള്‍ ഉയര്‍ത്തി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനും ശ്രമം നടത്തി. ആ ശ്രമങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം തുടര്‍ച്ചയായി ഉപയോഗിക്കുന്ന ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. രാജ്ഭവനില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികള്‍ ഗവര്‍ണര്‍ ആര്‍.എസ്.എസ് പരിപാടികളാക്കുന്നെന്നും അതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടും ഗവര്‍ണര്‍ തിരുത്താന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഓരോ വ്യക്തിക്കും അവരവരുടേതായ ആരാധനാ മുറകളും ചിഹ്നങ്ങളുമുണ്ടെങ്കിലും ഔദ്യോഗിക പരിപാടികളില്‍ പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൊതുപരിപാടികളില്‍ ഇത്തരത്തിലൊരു അവസ്ഥയുണ്ടാകില്ല എന്ന് രാജ്ഭവന്‍ അറിയിച്ചിരുന്നെങ്കിലും പഴയ സമീപനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറായിട്ടില്ല എന്നാണ് ഗവര്‍ണറുടെ നടപടികളില്‍ വ്യക്തമാകുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
രാജ്ഭവനിലെ പരിപാടിയില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോന്ന മന്ത്രി ശിവന്‍കുട്ടിയുടെ നടപടി ശരിയായതും നാടിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മന്ത്രി ഭരണഘടന പദവി ലംഘിച്ചു എന്ന് പറയുന്ന രാജ്ഭവനാണ് ആര്‍.എസ്.എസ് ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഭരണഘടന പദവി ലംഘിച്ചിരിക്കുന്നത്. നേരത്തെ കൃഷിമന്ത്രി പി. പ്രസാദ് രാജ്ഭവനിലെ പരിപാടി റദ്ദാക്കിയതും സ്വാഗതാര്‍ഹമായ നടപടിയായിരുന്നു എന്ന് അന്നുതന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഗസക്കും ഇറാനും നേരെ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ലോകത്ത് വലിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാറുകളെ അട്ടിമറിക്കുകയാണ് ലക്ഷ്യം. ഇറാനെതിരായ ഇസ്രഈല്‍ നീക്കത്തെ എതിര്‍ക്കാന്‍ അമേരിക്ക തയ്യാറാകുന്നില്ല. ഇറാനെ എതിര്‍ക്കാന്‍ ഇസ്രഈലിന് ഒരു അധികാരവുമില്ല. അമേരിക്കയുടെ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ മുഖമായി ഇന്ത്യ മാറിയിരിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
contnt highlights: M Swaraj will win big in Nilambur; boycotted the program at Raj Bhavan Minister V. Sivankutty’s position is correct: M.V. Govindan