മീശപിരിയും മുണ്ട് മടക്കിക്കുത്തലുമുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത കാര്യങ്ങളുള്ളതുകൊണ്ടാണ് ആ മോഹന്‍ലാല്‍ ചിത്രം പരാജയമായത്: എം. പത്മകുമാര്‍
Entertainment
മീശപിരിയും മുണ്ട് മടക്കിക്കുത്തലുമുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത കാര്യങ്ങളുള്ളതുകൊണ്ടാണ് ആ മോഹന്‍ലാല്‍ ചിത്രം പരാജയമായത്: എം. പത്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th May 2025, 9:27 am

അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായി മാറിയ വ്യക്തിയാണ് എം. പത്മകുമാര്‍. നിരവധി മുന്‍നിര സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 2003ല്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി 20ഓളം സിനിമകള്‍ പത്മകുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ ചന്ദ്രോത്സവം എന്ന ചിത്രത്തില്‍ പത്മകുമാര്‍ സഹസംവിധായകനായി വര്‍ക്ക് ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ചിത്രം തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രോത്സവത്തിന് വലിയ ഫാന്‍ ഫോളോയിങ്ങുണ്ടായി. ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് പത്മകുമാര്‍.

മറ്റൊരു നരസിംഹവും രാവണപ്രഭുവുമാണ് പലരും പ്രതീക്ഷിച്ചതെന്നും അതാണ് സിനിമ പരാജയപ്പെടാന്‍ കാരണമെന്നും പത്മകുമാര്‍ പറഞ്ഞു. ആ എലമെന്റുകള്‍ ഉണ്ടായിരുന്നെങ്കിലും സിനിമ മറ്റൊരു തരത്തിലാണ് കഥ പറഞ്ഞതെന്നും അത് പ്രേക്ഷകര്‍ക്ക് ദഹിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് ആ സിനിമ ആളുകള്‍ ഏറ്റെടുത്തെന്നും പത്മകുമാര്‍ പറയുന്നു.

അതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഒരു ട്രീറ്റ്‌മെന്റായിരുന്നു ചന്ദ്രോത്സവത്തിന്റേതെന്നും അതാണ് സിനിമക്ക് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം ഫോര്‍മാറ്റില്‍ നിന്ന് മാറി ചെയ്ത പരീക്ഷണമായതിനാലാണ് പ്രേക്ഷകര്‍ ചന്ദ്രോത്സവത്തെ കൈയൊഴിഞ്ഞതെന്നും പത്മകുമാര്‍ പറയുന്നു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രഞ്ജിത്തും ലാലേട്ടനും വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടപ്പോള്‍ പലരും മറ്റൊരു നരസിംഹമോ അല്ലെങ്കില്‍ രാവണപ്രഭുവോ ആയിരിക്കും പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയും വെച്ച് പോയപ്പോള്‍ അന്ന് കണ്ട സിനിമ പലര്‍ക്കും സ്വീകാര്യമായില്ല. ലാലേട്ടന്റെ സ്ഥിരം ഫോര്‍മാറ്റായ മുണ്ട് മടക്കിക്കുത്തലും മീശപിരിയും ഉണ്ടെങ്കിലും മറ്റൊരു രീതിയിലാണ് അതിന്റെ ട്രീറ്റ്‌മെന്റ്.

അത് ഓഡിയന്‍സിന് ദഹിക്കാത്തതുകൊണ്ടാണ് സിനിമ പരാജയമായത്. നമ്മള്‍ അതുവരെ ചെയ്തുവെച്ചതില്‍ നിന്ന് വേറൊരു ടൈപ്പ് ട്രീറ്റ്‌മെന്റിലൂടെ കഥ പറഞ്ഞത് തിരിച്ചടിയായി. ഒരുപാട് ഫിലോസഫിക്കല്‍ ഡയലോഗൊന്നും ആളുകള്‍ക്ക് രസിച്ചിട്ടുണ്ടാകില്ല. ആ പരീക്ഷണങ്ങള്‍ കാരണം ചന്ദ്രോത്സവം ഹിറ്റാകാതെ പോയി,’ പത്മകുമാര്‍ പറഞ്ഞു.

Content Highlight: M Padmakumar explains why Chandrolsavam movie became flop