മോഹന്‍ലാലിന്റെ ആ കഥാപാത്രം മരിച്ചതില്‍ എനിക്ക് വലിയ നിരാശയില്ല, കഥയ്ക്ക് ആവശ്യമുള്ളതുകൊണ്ടാകാം അങ്ങനെ ചെയ്തത്: എം. പദ്മകുമാര്‍
Entertainment
മോഹന്‍ലാലിന്റെ ആ കഥാപാത്രം മരിച്ചതില്‍ എനിക്ക് വലിയ നിരാശയില്ല, കഥയ്ക്ക് ആവശ്യമുള്ളതുകൊണ്ടാകാം അങ്ങനെ ചെയ്തത്: എം. പദ്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th May 2025, 11:02 am

അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായി മാറിയ വ്യക്തിയാണ് എം. പത്മകുമാര്‍. നിരവധി മുന്‍നിര സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 2003ല്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി 20ഓളം സിനിമകള്‍ പത്മകുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാവണപ്രഭു. 1993ല്‍ പുറത്തിറങ്ങിയ ദേവാസുരത്തിന്റെ തുടര്‍ഭാഗമായാണ് രാവണപ്രഭു ഒരുങ്ങിയത്. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ഐക്കോണിക് കഥാപാത്രത്തിന്റെ തിരിച്ചുവരവിനൊപ്പം കാര്‍ത്തികേയന്‍ എന്ന മാസ് കഥാപാത്രത്തെയും ആരാധകര്‍ ആഘോഷിച്ചു. ചിത്രത്തില്‍ പദ്മകുമാര്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു.

ചിത്രത്തില്‍ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം മരിക്കുന്നത് കാണിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് പദ്മകുമാര്‍. കഥക്ക് ആവശ്യമുള്ളതുകൊണ്ടാണ് ആ കഥാപാത്രം മരിക്കേണ്ടി വന്നതെന്ന് പദ്മകുമാര്‍ പറഞ്ഞു. ദേവാസുരത്തിന്റെ സംവിധായകന്‍ ഐ.വി. ശശിക്ക് അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ലെന്നും എഴുത്തുകാരനായ രഞ്ജിത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ എന്ന താരത്തെപ്പറ്റി ചിന്തിക്കാതെ ആ കഥയെപ്പറ്റി ചിന്തിച്ചാല്‍ അക്കാര്യത്തില്‍ തെറ്റ് തോന്നില്ലെന്നും പദ്മകുമാര്‍ പറയുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഐ.വി. ശശിക്ക് അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എം. പദ്മകുമാര്‍.

‘ദേവാസുരത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞപ്പോള്‍ ഐ.വി. ശശി സാറിന് അതില്‍ എതിര്‍പ്പില്ലായിരുന്നു. കാരണം രഞ്ജിത്ത് തന്നെയായിരുന്നല്ലോ രണ്ടാം ഭാഗത്തിന്റെ സംവിധായകന്‍. അതുകൊണ്ട് അക്കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പിന്നെ ചിലര്‍ പറയുന്നതുപോലെ രണ്ടാം ഭാഗത്തില്‍ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം മരിക്കുന്നതായി കാണിച്ചത് തെറ്റാണെന്ന ചിന്ത എനിക്കില്ല.

കഥ അങ്ങനെയൊരു കാര്യം ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ അത് കാണിക്കുന്നതില്‍ കുഴപ്പമില്ല. ശശി സാറിനും അതില്‍ എതിര്‍പ്പൊന്നും ഇല്ലായിരുന്നു. പിന്നെ മരിക്കുന്ന കഥാപാത്രം മോഹന്‍ലാലാണ് എന്ന് ചിന്തിച്ചാല്‍ മാത്രമേ കുഴപ്പമുള്ളൂ. വെറും കഥാപാത്രമായി കണ്ടാല്‍ അതില്‍ കുഴപ്പമൊന്നും തോന്നില്ലെന്നാണ് എന്റെ അഭിപ്രായം,’ പദ്മകുമാര്‍ പറയുന്നു.

Content Highlight: M. Padmakumar about Ravanaprabhu movie climax