ജയിലര്‍ 2ലെ പാട്ടില്‍ ഉപയോഗിച്ചത് മലയാളമൊന്നുമല്ല, ആരും അത് കേട്ട് ട്രിഗറാകേണ്ട ആവശ്യവുമില്ല: അരുണ്‍രാജ കാമരാജ്
Indian Cinema
ജയിലര്‍ 2ലെ പാട്ടില്‍ ഉപയോഗിച്ചത് മലയാളമൊന്നുമല്ല, ആരും അത് കേട്ട് ട്രിഗറാകേണ്ട ആവശ്യവുമില്ല: അരുണ്‍രാജ കാമരാജ്
അമര്‍നാഥ് എം.
Monday, 24th August 2026, 9:03 am

രജിനികാന്ത് നായകനായ ജയിലര്‍ 2ലെ ആദ്യഗാനമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. അനിരുദ്ധിന്റെ സംഗീതത്തില്‍ ഒരുങ്ങിയ ഗാനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അനിരുദ്ധിന്റെ സ്ഥിരം റേഞ്ചിലേക്ക് ഈ പാട്ട് എത്തിയിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കേരളത്തിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഒരുങ്ങിയ പാട്ടില്‍ ഉപയോഗിച്ച വരികള്‍ക്കെതിരെയും വിമര്‍ശനങ്ങളുണ്ട്.

‘കമ്പള മോനെ, പക്കമ്പള മോനെ’ എന്നിങ്ങനെയുള്ള വരികള്‍ മലയാളത്തെ അപമാനിക്കുന്നതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. മലയാളവുമല്ല, തമിഴുമല്ലാത്ത തമിഴാളമാണ് ഇതെന്നായിരുന്നു വിമര്‍ശനം. മുമ്പ് വേട്ടൈയനില്‍ ‘മനസിലായോ’ എന്ന പാട്ടിന് നേരെയും ഇത്തരം വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ ജയിലര്‍ 2ലെ പാട്ടിന് നേരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് ലിറിസിസ്റ്റ് അരുണ്‍രാജ കാമരാജ്. പുതിയ പാട്ടില്‍ ഉപയോഗിച്ചത് മലയാളമല്ലെന്ന് അരുണ്‍രാജ കാമരാജ് പറഞ്ഞു. കേരളം പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയില്‍ മലയാളം ഫ്‌ളേവറുള്ള പാട്ട് എന്ന ചിന്തയായിരുന്നു മനസിലെന്നും അങ്ങനെയാണ് ഈ പാട്ടിലേക്ക് എത്തിയതെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. സിനി ഉലഗത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അത് മലയാളമൊന്നുമല്ല, ആര്‍ക്ക് വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പാടാന്‍ പറ്റുന്ന ജിബ്രിഷാണ് ഉപയോഗിച്ചത്. കേരളത്തിന്റെ ബാക്ക്ഗ്രൗണ്ടില്‍ നടക്കുന്ന കഥയായതുകൊണ്ട് ആ ഒരു ഫ്‌ളേവര്‍ ഉപയോഗിച്ചെന്ന് മാത്രമേയുള്ളൂ. മലയാളത്തെ അപമാനിച്ചു എന്നൊക്കെ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശിക്കുന്നത് കണ്ടു.

ഇതില്‍ മലയാളത്തെ അപമാനിക്കാനുള്ള യാതൊരു ഉദ്ദേശവുമില്ല. ആരും അത് കേട്ട് ട്രിഗറാകണ്ട എന്നാണ് എന്റെ അഭിപ്രായം. എനിക്ക് മലയാളമൊന്നും അറിയില്ല. അതുകൊണ്ടാണ് വരികളില്‍ ജിബ്രിഷ് ഉപയോഗിച്ചത്. ‘ഒരുപാട് അര്‍ത്ഥവും ലെയറുകളുമുള്ള വരികളൊന്നും വേണ്ട, സിമ്പിളായിട്ടുള്ള, കേട്ടാല്‍ ക്ലിക്കാകുന്ന പാട്ട് മതി’ എന്നായിരുന്നു നെല്‍സണ്‍ നിര്‍ദേശിച്ചത്. അങ്ങനെയാണ് ഈ പാട്ടിലെത്തിയത്,’ അരുണ്‍രാജ കാമരാജ് പറയുന്നു.

ജയിലറില്‍ തമന്നയുടെ കാവാലയ്യ പോലെ നല്ലൊരു ഡാന്‍സ് നമ്പറാണ് രണ്ടാം ഭാഗത്തിലെ ആദ്യ ഗാനത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചത്. മലയാളിയായ പൂര്‍ണ/ ഷംന കാസിമാണ് ഈ ഗാനത്തില്‍ ചുവടുവെച്ചത്. രാജേഷ് മാധവനും ഗാനരംഗത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ അടുത്ത ഗാനം അധികം വൈകാതെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

Content Highlight: Lyricist Arunraja Kamaraj about Jailer 2 first single

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം