മലപ്പുറം അരീക്കോട് സര്‍ക്കാര്‍ സ്‌കൂളില്‍ സവര്‍ക്കറെ സ്വാതന്ത്ര്യ സമര നായകനാക്കി പ്ലോട്ട്; പ്രതിഷേധം ശക്തം
Kerala News
മലപ്പുറം അരീക്കോട് സര്‍ക്കാര്‍ സ്‌കൂളില്‍ സവര്‍ക്കറെ സ്വാതന്ത്ര്യ സമര നായകനാക്കി പ്ലോട്ട്; പ്രതിഷേധം ശക്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th August 2022, 5:35 pm

മലപ്പുറം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അരീക്കോട് കീഴുപറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിലവതരിപ്പിച്ച പ്ലോട്ടില്‍ ഹുന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കറും. കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ആര്‍.എസ്.എസ് സ്ഥാപക നേതാക്കളിലൊരാളായ സവര്‍ക്കറേയും സ്വാതന്ത്ര്യസമര നായകനാക്കി അവതരിപ്പിച്ചത്.

പ്ലോട്ടിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ മുസ്‌ലിം ലീഗ്, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സവര്‍ക്കറെ സമര നായകനാക്കി അവതരിപ്പിച്ചത് പി.ടി.എ കമ്മിറ്റിയുടെ അറിവോടെയാണെന്നും വിഷയത്തില്‍ ഇതുവരെ വശദീകരണം ലഭിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ചരിത്രത്തെ വെള്ളപ്പൂശുന്നതും സാംസ്‌കാരിക സമൂഹത്തെ അധിക്ഷേപിക്കുന്നതുമാണിതെന്ന് എസ്.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു. സംഘപരിവാര്‍ അജണ്ട നടപ്പാക്കിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും അധ്യാപകര്‍ക്കെതിരേയും നടപടിയെടുക്കണമെന്ന് യൂത്ത് ലീഗും ആവശ്യപ്പെട്ടു.

എസ്.എസ്.എഫ് അരീക്കോട് ഡിവിഷന്‍ പുറപ്പെടുവിച്ച പ്രസ്താവന

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കീഴുപറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിലവതരിപ്പിച്ച പ്ലോട്ടില്‍ സവര്‍ക്കറെ ഉള്‍പ്പെടുത്തിയത് ചരിത്രത്തെ വെള്ളപ്പൂശുന്നതും സാംസ്‌കാരിക സമൂഹത്തെ അധിക്ഷേപിക്കുന്നതുമാണ്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ സെല്ലുലാര്‍ ജയിലില്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കാലയളവില്‍, 1913ല്‍, ഹിന്ദു മഹാസഭ നേതാവായ വി.ഡി. സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതിയ നിവേദനങ്ങള്‍ കുപ്രസിദ്ധമാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ മുന്നോട്ടുവച്ച മതേതര രാഷ്ട്രം എന്ന സങ്കല്‍പ്പത്തെ പാടേ എതിര്‍ത്തുകൊണ്ട്, ഇന്ത്യന്‍ ദേശീയത ‘ഹിന്ദു’ എന്ന സ്വത്വബോധത്തില്‍ അധിഷ്ഠിതമായി ഉടലെടുക്കേണ്ടതാണെന്ന് വാദിച്ച സവര്‍ക്കര്‍ ഗാന്ധി ഘാതകരില്‍ ആറാം പ്രതിയാണ്.

സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കര്‍ എന്ത് ചെയ്തു എന്നതിനപ്പുറം സ്വാതന്ത്ര്യനന്തര ഇന്ത്യയില്‍ സവര്‍ക്കറുടെ പിന്‍ഗാമികള്‍ എന്ത് ചെയ്യുന്നു എന്ന് മാത്രം മതി അവരെ തള്ളിപ്പറയാന്‍. സവര്‍ക്കറെ വീര പരിവേഷത്തോടെ സ്വാതന്ത്ര്യ സമരകാലത്തിന്റെ ഐക്കണായി അവതരിപ്പിക്കാന്‍ സംഘപരിവാര്‍ ആശയം പേറുന്നവര്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, വര്‍ഗീയ വിഷം വമിപ്പിക്കുന്ന വിദ്വേഷ പ്രചാരകരെ സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന വ്യാജേന അവതരിപ്പിക്കാനുള്ള അധ്യാപകരുടെ ശ്രമം ഹീനമല്ല. കേരളം പോലുള്ള പ്രബുദ്ധ സംസ്ഥാനത്ത് ഇത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ചരിത്രത്തോടുള്ള ക്രൂരതയും, വിദ്യാര്‍ത്ഥികളെ പരിഹസിക്കലുമാണ്.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ 75 സ്വാതന്ത്ര്യ സമര സേനാനികളെ പുനരാവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സവര്‍ക്കറെപ്പോലെ വെറുപ്പിന്റെ പദ്ധതികള്‍ ഉത്പ്പാദിപ്പിക്കുന്നവര്‍ക്ക് അനാവശ്യ ഇടം നല്‍കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും നിരക്കുന്നതല്ലെന്ന് എസ്.എസ്.എഫ് അരീക്കോട് ഡിവിഷന്‍ സെക്രട്ടറിയേറ്റ് അപലപിച്ചു. 

CONTENT HIGHLIGHTS:  Plot made VD Savarkar a hero of freedom struggle in Areekode Government School, Malappuram