മമ്മൂട്ടി-മോഹന്‍ലാല്‍ ക്ലാഷ് വീണ്ടും? റോഷോക്കും മോണ്‍സ്റ്ററും പൂജക്കെന്ന് റിപ്പോര്‍ട്ട്
Entertainment news
മമ്മൂട്ടി-മോഹന്‍ലാല്‍ ക്ലാഷ് വീണ്ടും? റോഷോക്കും മോണ്‍സ്റ്ററും പൂജക്കെന്ന് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th August 2022, 5:25 pm

ഏറെ നാളത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ക്ലാഷ് റിലീസായി എത്തുമെന്ന് റിപ്പോര്‍ട്ട്.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററും, മമ്മൂട്ടി നിസാം ബഷീര്‍ ചിത്രം റോഷോക്കും പൂജാ റിലീസായി എത്തുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന മോണ്‍സ്റ്റര്‍ പൂജാ റിലീസായി സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രം റോഷോക്കും പൂജാ അവധി ദിവസങ്ങളില്‍ തന്നെ തിയേറ്ററില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നത്.

റോഷോക്ക് വിതരണം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് തിയേറ്ററുകള്‍ക്ക് അയച്ച പ്രദര്‍ശന കരാറിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ആലപ്പുഴ സീതാസ് തിയേറ്ററിന് അയച്ച പ്രദര്‍ശന കരാറിന്റെ ഫോട്ടോയില്‍ ചിത്രത്തിന്റെ റിലീസ് തിയതി സെപ്റ്റംബര്‍ 29 എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് റോഷോക്ക് നിര്‍മിക്കുന്നത്.

എന്തായാലും ഇരു ചിത്രങ്ങളുടേയും അണിയറ പ്രവര്‍ത്തകര്‍ ചിത്രങ്ങളുടെ റിലീസ് തിയതി സംബന്ധിച്ച് ഒരു തരത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

കൈനിറയെ ചിത്രങ്ങളാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം, ബി. ഉണ്ണികൃഷ്ണന്റെ പേരിടാത്ത ചിത്രം എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം, ഷാജി കൈലാസ് ചിത്രം എലോണ്‍, മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.

Content Highlight: Report says that Mammooty and Mohanlal Movies may have clash release again on pooja