മാനഗരം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കുള്ള തന്റെ വരവറിയിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. പിന്നീട് കാര്‍ത്തിയെ നായകനാക്കി അണിയിച്ചൊരുക്കിയ കൈതി സിനിമാലോകത്ത് വലിയ ചര്‍ച്ചയായി. വളരെ പെട്ടെന്ന് തന്നെ തമിഴിലെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ച ലോകേഷ് തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ഒരുക്കിയതോടുകൂടെ തമിഴിലെ ബ്രാന്‍ഡ് സംവിധായകനായി മാറി.
ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളെ അണിനിരത്തി ലോകേഷ് ഒരുക്കുന്ന ചിത്രമാണ് കൂലി. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് നായകനാകുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല വമ്പന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന, കന്നഡ താരം ഉപേന്ദ്ര, തമിഴ് താരം സത്യരാജ്, മലയാളത്തില്‍ നിന്ന് സൗബിന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാനും കൂലിയില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.
ഇത്രയും താരങ്ങള്‍ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുക എന്നത് വലിയ ടാസ്‌കാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം നിസാരമാണെന്ന് തെളിയിച്ച് ഷൂട്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ചിത്രത്തിന്റെ പാക്കപ്പ് വീഡിയോ അണിയറപ്രവര്‍ത്തകര് പുറത്തുവിട്ടിരിക്കുകയാണ്.
രജിനികാന്ത്, നാഗാര്‍ജുന, സത്യരാജ് എന്നിവരെ പാക്കപ്പ് വീഡിയോയില്‍ കാണാന്‍ സാധിക്കും. 2023ലാണ് ചിത്രം അനൗണ്‍സ് ചെയ്തത്. ചിത്രം എല്‍.സിയുവില്‍ ആണോ അല്ലയോ എന്ന സംശയങ്ങള്‍ നിലനില്‍ക്കെ ഇതൊരു സ്റ്റാന്‍ഡ് അലോണ്‍ ചിത്രമാണെന്ന് ലോകേഷ് വ്യക്തമാക്കിയിരുന്നു. രജിനികാന്തിന്റെ 170ാമത് ചിത്രമായാണ് കൂലി ഒരുങ്ങുന്നത്.
180 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു കൂലിയുടേത്. ചെന്നൈ, ഹൈദരബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലായാണ് കൂലി പൂര്‍ത്തിയാക്കിയത്. ദേവ എന്ന കഥാപാത്രമായാണ് രജിനികാന്ത് കൂലിയില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ പൂജ ഹെഗ്‌ഡേയും കൂലിയില്‍ സ്‌പെഷ്യല്‍ അപ്പിയറന്‍സായി എത്തുന്നുണ്ട്.
അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. വിക്രം എന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം ലോകേഷും ഗിരീഷ് ഗംഗാധരനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂലി. ലോകേഷിന്റെ സ്ഥിരം ടീമായ അന്‍പറിവ് ആക്ഷന്‍ രംഗങ്ങളൊരുക്കുമ്പോള്‍ ഫിലോമിന്‍ രാജാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlight: Lokesh Rajnikanth movie Coolie wrapped up