മാസ്റ്റര്‍ പോലെയല്ല ഇത്, 100 ശതമാനവും എന്റെ ചിത്രം തന്നെ: ലോകേഷ് കനകരാജ്
Film News
മാസ്റ്റര്‍ പോലെയല്ല ഇത്, 100 ശതമാനവും എന്റെ ചിത്രം തന്നെ: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd May 2022, 9:15 am

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തമിഴിലെ സൂപ്പര്‍ സംവിധായകനായി മാറിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ലോകേഷും ഉലകനായകന്‍ കമല്‍ഹാസനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വിക്രം ജൂണ്‍ മൂന്നിനാണ് തീയേറ്ററുകളില്‍ എത്തുന്നത്. വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

വിക്രം പൂര്‍ണമായും എന്റെ ചിത്രം തന്നയാണെന്ന് അടിവരയിട്ട് പറയുകയാണ് ലോകേഷ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

‘വിജയുമായി ഒന്നിച്ച മാസ്റ്റര്‍ 50 ശതമാനം മാത്രമാണ് എന്റെ ചിത്രം എന്നേ പറയാനാകൂ. വിജയ് എന്ന താരത്തിന്റെ മാര്‍ക്കറ്റിനെ പരിഗണിച്ചാണ് മാസ്റ്റര്‍ ഒരുക്കിയത്. അതിനാല്‍ സംവിധായകന്‍ എന്ന നിലയില്‍ ചില വിട്ടുവീഴ്ചകള്‍ അതില്‍ നടത്തേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വിക്രം പൂര്‍ണമായും എന്റെ ചിത്രം തന്നെയാണ്.

ഓരോ സിനിമകള്‍ ചെയ്ത് തെളിയിക്കുമ്പോള്‍ മാത്രമാണ് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ വലിയ താരങ്ങളുമായി സിനിമകള്‍ ചെയ്യാന്‍ സാധിക്കുക,’ ലോകേഷ് പറഞ്ഞു

വിക്രത്തിന് ശേഷം ലോകേഷ് വിജയുമായി വീണ്ടും ഒന്നിക്കുന്നുണ്ട്. സാധാരണ വിജയ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ‘ക്ലാസ് ആന്‍ഡ് മാസ്’ ആയിരിക്കും ദളപതി67 എന്നാണ് ലോകേഷ് കഴിഞ്ഞ ദിവസം ഒരു അവാര്‍ഡ് ഷോക്കിടയില്‍ പറഞ്ഞത്.

ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം മാസ്റ്റര്‍ 2021 ജനുവരി 13നാണ് പുറത്തിറങ്ങിയത്. കൊവിഡിന്റെ അടച്ചിടലിന് ശേഷം എത്തിയ മാസ്റ്റര്‍ 2021ലെ തന്നെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നായിരുന്നു.

നിലവില്‍ വിജയ് വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് ശേഷം ആയിരിക്കും ലോകേഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. ദളപതി 67ന്റെ ഔദ്യാഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുയാണ് ആരാധകര്‍.

Content Highlight: lokesh kanakaraj says Vikram starringkamal hasan is totally his movie