കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാര്‍ക്ക് വിലക്ക്
World News
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാര്‍ക്ക് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd May 2022, 8:00 am

റിയാദ്: കൊവിഡ് വ്യാപനം വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു.

ഇന്ത്യക്ക് പുറമെ ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതാണ് സൗദി താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.

ഗള്‍ഫ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശനിയാഴ്ചയായിരുന്നു സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്‌പോര്‍ട്‌സ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.

കഴിഞ്ഞ ആഴ്ചകളിലായി ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് സൗദിയെ ഈ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്.

അതേസമയം, ഇന്ത്യയിലോ ലിസ്റ്റില്‍ പെട്ട മറ്റ് രാജ്യങ്ങളിലോ ഉള്ള പൗരന്മാര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനോ രാജ്യത്ത് പ്രവേശിക്കുന്നതിനോ വിലക്കേര്‍പ്പെടുതായി പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല.

ഇന്ത്യയിലും കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് 2226 പുതിയ കേസുകളും 65 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അതേസമയം, രാജ്യത്ത് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി വ്യക്തമാക്കി. സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് കുരങ്ങുപനിയെ കുറിച്ച് പൗരന്മാര്‍ക്ക് ആശങ്ക വേണ്ടെന്നും രാജ്യത്ത് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്നും പറയുന്നത്.

ഏതെങ്കിലും സാഹചര്യത്തില്‍ സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിക്കുകയോ ചെയ്താല്‍ അതിനെതിരെ പ്രവര്‍ത്തിക്കാനും രോഗസാഹചര്യം നിരീക്ഷിക്കാനുമുള്ള കാപബിലിറ്റി സൗദിയുടെ ആരോഗ്യമന്ത്രാലയത്തിനുണ്ടെന്നും ആരോഗ്യ വിഭാഗം ഡെപ്യൂട്ടി മിനിസ്റ്റര്‍ അബ്ദുല്ല അസിരി പറഞ്ഞു.

നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ കുരങ്ങുപനി (Monkeypox) പടര്‍ന്നുപിടിക്കുകയും ലോകാരോഗ്യ സംഘടനയടക്കം ആശങ്ക രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.

11 രാജ്യങ്ങളിലായി 80 കുരങ്ങുപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഡബ്ല്യു.എച്ച്.ഒ സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlight: Saudi Arabia banned its citizens from travelling to India and 15 other countries due to covid